മൂവാറ്റുപുഴ: കാലിത്തീറ്റ വിലവർദ്ധനവ് ക്ഷീര കർഷകർക്ക് തിരിച്ചടിയായി. കാലവർഷത്തിന് ശേഷം കമ്പനികൾ കാലിത്തീറ്റയ്ക്ക് അപ്രതീക്ഷിതമായി വിലവർദ്ധി പ്പിക്കുകയായിരുന്നു. ചാക്ക് ഒന്നിന് 200 മുതൽ 300 രൂപ വരെയാണ് വർദ്ധനവ്. കന്നുകാലികൾക്ക് നൽകുന്ന കറ്റയ്ക്കും 100 രൂപവർദ്ധിപ്പിച്ചു.

മാസങ്ങൾക്ക് മുമ്പ് 980രൂപ ഉണ്ടായിരുന്ന ഒരു ചാക്ക് തിരിയ്ക്ക് ഇപ്പോൾ 1300 രൂപ. പോള തൗട് വില 650 രൂപയിൽ നിന്ന് 780ആയി. പൊടി തൗട് 900 രൂപയിൽ നിന്ന് 1100 രൂപയും, കടല കൊപ്രയ്ക്ക് 900 രൂപയിൽ നിന്ന് 1100 രൂപയുമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കറ്റക്ഷാമമാണ് വ്യാപാരികൾ കാരണമായിപറയുന്നത്. പാലക്കാട്, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുമാണ് കറ്റയെത്തുന്നത്. ഇതിനും വില കുത്തനെ കൂട്ടി. കാലിത്തീറ്റ വിലവർദ്ധനവിന്റെ ആനുപാതികമായി പാലിന് വില വർദ്ധിക്കാത്തത് ക്ഷീര കർഷകർക്ക് തിരി ച്ചടിയായി. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധി പേരാണ് ഉപജീവനത്തിനായി പശുക്കളും, ഡയറി ഫാമുകളും നടത്തുന്നത്. അടിയന്തിര സർക്കാർ ഇടപെടലുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.