കിഴക്കമ്പലം: സ്വകാര്യ ബസിലെ യാത്രക്കാരിയായ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് ഡ്രൈവറെ കുന്നത്തുനാട് പൊലീസ് അറസ്റ്റു ചെയ്തു. മുവാ​റ്റുപുഴ -ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന സരാരോ ബസിന്റെ ഡ്രൈവർ പട്ടിമ​റ്റം വലമ്പൂർമനയ്ക്കപ്പടി ചക്കരക്കാട്ടിൽ സുധീറിനെയാണ് (36)അറസ്റ്റ് ചെയ്തത്. വാഴക്കുളത്തെ സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി സീറ്റിലിരുന്ന് യാത്ര ചെയ്തതതിനെ ചോദ്യം ചെയ്ത ഡ്രൈവർ അസഭ്യംപറയുകയും, അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. സീറ്റിൽ നിന്നും വിദ്യാർത്ഥിനി എഴുന്നേൽക്കാതെ ബസ് ഓടിക്കില്ലെന്നു പറഞ്ഞ് പൊതു നിരത്തിൽ വാഹനം നിർത്തിയിട്ടു. നേരത്തെ പട്ടിമറ്റം മാർ കൂറിലോസ് സ്കൂളിലെ കുട്ടികളെ ബസി​ൽ കയറ്റാത്തതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പരാതികളുണ്ട്. കുട്ടികൾ സ്റ്റേഷനിലെത്തി പരാതി നൽകി​യ നിരവധി സംഭവങ്ങളുമുണ്ട്. ഇതേ ബസി​ൽ തുടർന്നു യാത്ര ചെയ്യുന്നതിനിട‌െ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസോടിക്കുന്നത് പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തി ആർ.ടി.ഒ യ്ക്ക് അയച്ചു. ഇതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ട് .കുന്നത്തുനാട് എസ്. ഐ കെ.ടി ഷൈജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തത്.