 രണ്ടാം പ്രതിയെ വെറുതെവിട്ടു

കൊച്ചി : കാഞ്ഞൂർ സാബു വധക്കേസിലെ ഒന്നാം പ്രതി കൊങ്ങോർപ്പിള്ളി കുറുപ്പത്തുവീട്ടിൽ ഹെൻറി ജോസിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരി വച്ചു. കേസിലെ രണ്ടാം പ്രതി ആലപ്പുഴ പട്ടണക്കാട് വെളുത്തേടത്തുവീട്ടിൽ സുജിത്തിന്റെ ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കി വെറുതെവിട്ടു.

2011 ഒക്ടോബർ 19 നു വൈകിട്ട് കൂട്ടുകാരുമൊത്ത് വഴിയോരത്തു സംസാരിച്ചു നിന്ന കാഞ്ഞൂർ പുതിയേടം പാലാട്ടിവീട്ടിൽ സാബുവിനെ ഹെൻറിയും സുജിത്തും ബൈക്കിലെത്തി വെട്ടിക്കൊന്നുവെന്നാണ് കേസ്. 2015 മാർച്ച് 27 നാണ് എറണാകുളം അഡി. സെഷൻസ് കോടതി ഇരുവർക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലിൽ സുജിത്തിനെതിരെ മതിയായ തെളിവില്ലെന്ന് കണ്ടാണ് ഹൈക്കോടതി വെറുതെവിട്ടത്. ഹെൻറി ജോസിനെതിരെ 13 കേസുകൾ നിലവിലുണ്ട്.