കൊച്ചി: മെട്രോ മഹാരാജാസ് സ്റ്റേഷൻ മുതൽ തൈക്കുടംവരെ ഇന്ന് യാത്രക്കാർക്കായി തുറന്ന് നൽകും. ഇന്നലെ ഔപചാരികമായി ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇന്നുമുതലാണ് യാത്രക്കാർക്കായുള്ള സർവീസ് ആരംഭിക്കുക. രാവിലെ ആറിന് ആലുവയിൽ നിന്ന സർവീസ് ആരംഭിച്ചാൽ 6.35ന് മഹാരാജാസ് സ്റ്റേഷനിലെത്തും. തുടർന്ന് യാത്രക്കാരുമായി സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില വഴി തൈക്കൂടത്തേക്ക് മെട്രോ എത്തും.

# യാത്രാനിരക്കിൽ ഇളവ്

മഹാരാജാസ് സ്റ്റേഷനിൽ നിന്ന് കടവന്ത്ര, എളംകുളം എന്നിവിടങ്ങളിലേക്ക് 10 രൂപയും വൈറ്റില ,തൈക്കുടം എന്നിവിടങ്ങളിലേക്ക് 20 രൂപയുമാണ് നിരക്ക്. ആലുവയിൽ നിന്ന് തൈക്കുടംവരെ 60 രൂപ നൽകിയാൽ യാത്ര ചെയ്യാം. പുതിയ റൂട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഇന്ന് മുതൽ 14 ദിവസത്തേക്ക് നിരക്കിന്റെ പകുതി നൽകിയാൽ മതി.. 30 രൂപയ്ക്ക് ആലുവയിൽ നിന്ന് തൈക്കൂടത്തേക്ക് രണ്ടാഴ്ച്ച സഞ്ചരിക്കാം .തിരിച്ചും അതേ നിരക്കിൽ യാത്ര ചെയ്യാം.

ഓരോ ഏഴ് മിനിറ്റിലും

പുതിയ റൂട്ടിൽ ഓരോ ഏഴ് മിനിറ്റിലും ട്രെയിൻ ഓടിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഒരുമാസക്കാലം വേഗത മണിക്കൂറിൽ 25 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. സർവീസ് നടത്തി ഓരോ ആഴ്ച്ചയും നടത്തുന്ന പരിശോധനകൾക്ക് പിന്നാലെ അടുത്തമാസം മുതൽ മെട്രോ പതിവ് വേഗമായ മണിക്കൂറിൽ 80 കിലോമീറ്റർ സ്പീഡിൽ തൈക്കൂടത്തേക്ക് ഓടിയെത്തും.

മെട്രോയുടെ ഒന്നാംഘട്ടം പേട്ടവരെയാണ്. നാല് ഭാഗങ്ങളായാണ് ഒന്നാംഘട്ടം പൂർത്തിയാക്കുന്നത്. ആദ്യഘട്ടത്തിൽ പാലാരിവട്ടംവരെ സർവീസ് ആരംഭിച്ചു. പിന്നീട് മഹാരാജാസ് വരെ നീട്ടി. ഒടുവിൽ തൈക്കുടത്തേക്ക് ഒന്നാംഘട്ടത്തിന്റെ മൂന്നാംഭാഗമായി ഇപ്പോൾ സർവീസ് ആരംഭിച്ചിരിക്കുന്നു. ഈ വർഷം അവസാനത്തോടെ പേട്ടയിലേക്ക് കൂടി മെട്രോ എത്തുന്നതോടെ ഒന്നാംഘട്ടം അതിന്റെ അവസാനത്തിലെത്തും. തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻവരെയുള്ള നിർമാണ ജോലികൾക്കും ഇന്നലെ തുടക്കം കുറിച്ചു.


#സ്റ്റേഷനുകളുടെ പ്രത്യേകതകൾ

ഓരോ സ്റ്റേഷനും ഓരോ വിഷയങ്ങളെ ആസ്പദമാക്കിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സൗത്ത് സ്റ്റേഷൻ പൂർണമായും ഡിസൈൻ ചെയ്തിരിക്കുന്നത് വിനോദസഞ്ചാരമെന്ന ആശയത്തെ മുൻനിർത്തിയാണ്. കേരളത്തിന്റെ മാദ്ധ്യമ പാരമ്പര്യമാണ് കടവന്ത്ര സ്റ്റേഷനിൽ കാണാനാകുന്നത്. കേരളത്തിന്റെ തനതായ ഉരുവും നിർമ്മാണവും പാരമ്പര്യവുമെല്ലാമാണ് എളംകുളം സ്റ്റേഷന്റെ വിഷയം. സിനിമാ കാഴ്ച്ചകളും ചെറുവിവരണങ്ങളും വൈറ്റില സ്റ്റേഷനെ മനോഹരമാക്കുമ്പോൾ സംസ്ഥാനത്തെ രൂചി പെരുമയാണ് തൈക്കുടം സ്റ്റേഷനെ മനോഹരമാക്കുന്നത്.