കൊച്ചി: ആറടി പൊക്കവും കുടവയറുമുള്ള മാവേലിത്തമ്പുരാൻ തന്നെയാണ് ഓരോ ഓണാഘോഷത്തിലെയും താരം. ഓണക്കാലമായതോടെ മാവേലി വേഷം കെട്ടുന്നവർക്കും തിരക്കേറുകയാണ്. ഒരു ദിവസത്തേക്ക് 2000 രൂപ മുതൽ 15,000 രൂപ വരെയാണ് മാവേലിത്തമ്പുരാന്റെ വില! മാവേലിത്തമ്പുരാനൊപ്പം പുലികളിയും ചേർന്ന് കോംബോ ഓഫറുമുണ്ട്.
പൊക്കവും വണ്ണവും കൂടുന്തോറും മാവേലിത്തമ്പുരാന്റെ വിലയേറും. ആറടിപൊക്കക്കാരുടെ ഗ്രൂപ്പുകൾ നിലവിലുണ്ട്. ഓണക്കാലത്ത് ഈ ഗ്രൂപ്പുകൾ സജീവമാകും. കടകളിൽ വേഷമിട്ട് നിൽക്കാനും ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാനുമാണ് മാവേലിത്തമ്പുരാനെ അന്വേഷിച്ച് ആളുകളെത്താറുള്ളത്. 12 മണിക്കൂർ നേരത്തേയ്ക്കാണ് ജോലി. ഒറ്റനിൽപ്പ് നിൽക്കേണ്ടി വരുമെന്ന അസൗകര്യം ഒഴിച്ചു നിറുത്തിയാൽ വേഷമിടുന്ന ആളുകൾക്കെല്ലാം ഓണക്കാലം പൊതുവെ ചാകരക്കാലമാണ്. രണ്ട് ഷിഫ്റ്റ് വരെ വേഷമിടുന്നവരും കൂട്ടത്തിലുണ്ട്. സെക്യൂരിറ്റി ജോലി ഉൾപ്പെടെ ചെയ്യുന്നവരാണ് പലരും. ഈ ഓണക്കാലത്ത് തങ്ങളുടെ പതിവ് പണി വേണ്ടെന്ന് വയ്ക്കും. കാരണം ഓണക്കാലത്ത് കിട്ടുന്നത് ബോണസ് തുകയാണ് .
കഴിഞ്ഞ വർഷം ഓണം പ്രളയം കൊണ്ടുപോയതിന്റെ ക്ഷീണം മാവേലിത്തമ്പുരാന്മാർക്കുമുണ്ട്. ഇത്തവണയും ചെറുപ്രളയം വിനയായിട്ടുണ്ട്. ചിങ്ങമാസം ആരംഭിക്കുമ്പോൾ തന്നെ പുതിയ കടകളുടെ ഉദ്ഘാടനം ഉണ്ടാകാറുണ്ടായിരുന്നു. ജി.എസ്.ടിയ്ക്ക് ശേഷം പ്രളയം കൂടി വന്നതോടെ ഉദ്ഘാടനം തീരെ കുറവാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
"കഴിഞ്ഞ വർഷം ഓണമില്ലായിരുന്നു. ഈ വർഷം ആ ക്ഷീണം തീർക്കാനാവുമെന്നാണ് പ്രതീക്ഷ. എന്നാൽ ഉദ്ഘാടനങ്ങൾ കുറയുന്നത് ക്ഷീണമാണ്. കച്ചവടം കുറയുന്നത് ഞങ്ങളെയും ബാധിക്കുന്നുണ്ട്. "
ഡെയ്സൺ കല്ലേലി
മാവേലി വേഷം കെട്ടുന്നയാൾടോൾമെൻ ഗ്രൂപ്പ്
മാവേലിയാകാൻ
ആറടി പൊക്കം
നൂറുകിലോയിലേറെ ഭാരം
. ഇരുനിറവും വട്ടമുഖവും