പറവൂർ : ശക്തമായ മഴയിൽ വീട് തകർന്നുവീണ് ദമ്പതികൾക്ക് പരിക്കേറ്റു. കെടാമംഗലം കളത്തിപ്പറമ്പിൽ ലിജിൻ കുമാർ, ഭാര്യ നിഷ എന്നിവർക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുവേലിൽ സാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. സാബുവിന്റെ സഹോദരിയുടെ മകനാണ് ലിജിൻകുമാർ. മത്സ്യത്തൊഴിലാളിയായ ലിജിൻകുമാറും ഭാര്യയും രണ്ടു കുട്ടികളുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയാണ് വീട് തകർന്നത്. ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര പൂർണമായി നിലംപൊത്തി. ഭിത്തികൾ ഇടിഞ്ഞുവീണു. കുട്ടികൾ പരുക്കേൽക്കാതെ രക്ഷപെട്ടു. തഹസിൽദാർ, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.