കോലഞ്ചേരി: ഓണക്കാലത്ത് ഉപ്പേരി കൂട്ടി ചോറുണ്ണണമെങ്കിൽ വിയർക്കേണ്ടി വരും. ഏത്തക്കായയും, വെളിച്ചെണ്ണയും വിക്കയറ്റത്തിൽ മത്സരിക്കുമ്പോൾ ഉപ്പേരി വില റോക്കറ്റിലേറിയതിൽ അത്ഭുതമില്ല.ഇന്നലെ ഏത്തൻ കിലോ 55 ലെത്തിയപ്പോൾ, വെളിച്ചെണ്ണ 205 ലെത്തി മത്സരം തുടരുകയാണ്. വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന ഏത്തയ്ക്കാ ഉപ്പേരിയ്ക്ക് (ചിപ്‌സ്) കിലോയ്ക്ക് 380 രൂപയാണ് ഇപ്പോഴത്തെ വില. 200 ഗ്രാം പാക്കറ്റിനു 80 രൂപ വരെയും. ഓണമാകുന്നതോടെ വില ഇനിയും കൂടും.
ഇവയുടെ വില ഇനിയും കൂടിയാൽ ഓണത്തിനുള്ള ഉപ്പേരിയുടെ വില ഒന്നുകൂടി പൊള്ളുമെന്നുറപ്പ്. കഴിഞ്ഞ വർഷം ന്യായമായ വില കിട്ടാത്തതിനാൽ കർഷകർ പലരും വാഴക്കൃഷിയിൽ നിന്ന് പിന്മാറിയതും പ്രളയത്തിൽവ്യാപകമായി കൃഷി നശിച്ചതും വിലക്കയറ്റത്തിന് കാരണമായി. മറ്റ് എണ്ണകൾ ഉപയോഗിച്ചു തയാറാക്കുന്നവയേക്കാൾ, ശുദ്ധമായ വെളിച്ചെണ്ണയിൽ വറുക്കുന്ന ഉപ്പേരിയ്ക്കാണു രുചി. ആവശ്യക്കാരും കൂടുതൽ.വെളിച്ചെണ്ണയിൽ ചിപ്‌സ് തയാറാക്കി നൽകുന്ന കടകളിൽ തിരക്കേറി . ഓണക്കാലം ആയതോടെ, ശർക്കര വരട്ടിയും ബേക്കറികളിൽ കൂടുതലായി ഇടം പിടിച്ചുകഴിഞ്ഞു.കിലോയ്ക്ക് 360 രൂപയാണു ശർക്കര വരട്ടിയുടെ വില. ഓണ വിപണി ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്നും ഉപ്പേരി വിപണിയിലെത്തിയിട്ടുണ്ടെങ്കിലും ഡിമാൻഡില്ല. മറ്റു സസ്യ എണ്ണകളിൽ ഉല്പാദിപ്പിക്കുന്നതിനാൽ . ഉപ്പേരിയുടെ പ്രധാന കേന്ദ്രമായ വടക്കാഞ്ചേരിയിലെ ഉപ്പേരിയ്ക്കും വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന രുചിയില്ല. ഓണാഘോഷത്തിന് പിശുക്കു കാണിക്കാത്ത മലയാളിയ്ക്ക് വില പ്രശ്നമല്ല. എന്നാൽ ഗുണ നിലവാരം നിർബന്ധമാണ്.
ഏത്തനുംവെളിച്ചെണ്ണയും വിലക്കയറ്റത്തിൽ മത്സരിക്കുന്നു ദിനം പ്രതി വില കുതിച്ചുയരുന്നു.
തമിഴ് നാട് ഉപ്പേരിക്ക് ഡിമാൻഡ് കുറവ്
ഉപ്പേരികിലോ 380 രൂപ
ശർക്കര വരട്ടി 360 രൂപ