കൊച്ചി : അലോപ്പതി മേഖലയിൽ എല്ലാ മെഡിക്കൽ കോളേജുകളിലും വന്ധ്യതാചികിത്സാ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കണ്ണൂരിൽ വന്ധ്യതാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യതാ ചികിത്സാ പദ്ധതിയായ ജനനിയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് അനുവദിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീന്റെയും നാഷണൽ ആയുഷ് മിഷൻ ഫണ്ടുപയോഗിച്ച് ശീതീകരിച്ച യോഗ കം കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കുറഞ്ഞ ചെലവിൽ വന്ധ്യതാചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനനി പദ്ധതി തുടങ്ങുന്നത്. ആഴ്ചയിൽ ആറുദിവസം ഇവിടെ ക്ളിനിക് പ്രവർത്തിക്കുമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. ലീന റാണി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഇൗഡൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, ജാൻസി ജോർജ്, സി.കെ. അയ്യപ്പൻകുട്ടി, അയ്യമ്പള്ളി ഭാസ്കരൻ, റോസ് മേരി ലോറൻസ്, ശാരദാ മോഹൻ, ബേസിൽ പോൾ, ഡോ. ആർ. ജയ നാരായണൻ, ഡോ. എസ്. ശ്രീവിദ്യ തുടങ്ങിയവർ പങ്കെടുത്തു.