നെടുമ്പാശേരി: പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി പ്രതിഷേധാർഹമാണെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ പറഞ്ഞു. ആകാശകൊള്ളയ്‌ക്കെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമാന കമ്പനികൾ അനിയന്ത്രിതമായി നിരക്ക് വർദ്ധിപ്പിക്കുമ്പോൾ വ്യോമയാന മന്ത്രാലയം നോക്കുകുത്തിയായി നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നായത്തോട് പെട്രോൾ പമ്പിന് സമീപത്ത് നിന്നാരംഭിച്ച മാർച്ച് വിമാനത്താവള കവാടത്തിന് സമീപം പൊലീസ് ബാരിക്കോഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ചേർന്ന സമ്മേളനത്തിൽ സംഘം ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ഇ. നാസർ, സംസ്ഥാന സെക്രട്ടറി എ.സി. ആനന്ദൻ, എം.യു. അഷറഫ്, പി.എ. തോമസ് എന്നിവർ സംസാരിച്ചു.