camp
പറവൂരിലെ അടച്ചു പൂട്ടിയ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ്.

പറവൂർ: നഗരമദ്ധ്യത്തിൽ ഗവ. ഗേൾസ് ഹൈസ്കുളിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് കെട്ടിടം ഇതുവരെ പൊളിച്ചുമാറ്റാൻ നടപടിയില്ല. അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ താമസിപ്പിച്ചിരുന്ന ക്യാമ്പ് ജില്ലാ ആരോഗ്യ വകുപ്പ് ,റവന്യൂ, പൊലീസ്, എക്സൈസ്, നഗരസഭാ ഉദ്യോഗസ്ഥർ അടങ്ങിയ സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി കഴിഞ്ഞ ജൂൺ 26 ന് പൂട്ടിച്ചിരുന്നു. ജൂലായ് 29 ന് തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് വികസന സമിതിഅംഗങ്ങളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും യോഗം കുടി ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് ,അവർ നേരിടുന്ന പ്രശ്നങ്ങൾ, താമസസ്ഥലത്തെ പോരായ്മകൾ എന്നിവ ശേഖരിക്കുവാൻ തീരുമാനിച്ചു. ആഗസ്റ്റ് 30നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രത്യേക യോഗം വിളിച്ച് ഇത്തരക്കാരുടെ കണക്കെടുപ്പും താമസസൗകര്യ വിവരങ്ങളും ശേഖരിക്കാൻ നിർദ്ദേശിച്ചുവെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ യോഗം വിളിക്കാൻ പോലും തയ്യാറായിട്ടില്ല.

 നടപടിയെടുക്കാതെ കളക്ടർ

നഗരസഭ അഞ്ചാം വാർഡിലാണ് സ്വകാര്യവ്യക്തി തൊഴിലാളി ക്യാമ്പ് നടത്തി വന്നിരുന്നത്. സമീപവാസികളുടെ പരാതിയെത്തുടർന്ന് ജൂലായ് 6 ന് കൂടിയ താലൂക്ക് വികസന സമിതിയോഗം തൊഴിലാളികളെ താമസിപ്പിച്ചിരുന്ന കെട്ടിടം ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം പൊളിച്ചുനീക്കാൻ നടപടിയെടുക്കുന്നതിനായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു. ജില്ലാ കളക്ടർക്ക് കത്തെഴുതിയിട്ടും ഇതുവരെ നടപടിയായിട്ടില്ല.