bride
ചൂർണിക്കര മാന്ത്രക്കൽ തുരങ്കപ്പാതക്ക് സമീപത്തെ ഗതാഗതക്കുരുക്ക്‌

ആലുവ: നാട്ടുകാരുടെയും യാത്രക്കാരുടെയും യാത്രാദുരിതമൊഴിയണമെങ്കിൽ ചൂർണിക്കര പഞ്ചായത്ത് കമ്പനിപ്പടിയിൽ റെയിൽവേ മേല്പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. മാന്ത്രയ്ക്കൽ തുരങ്കപാതയിലൂടെയും ഗാരേജ് റെയിൽവേ ഗേറ്റ് വഴിയുമുള്ള യാത്ര ദുസഹമായതോടെയാണ് മേല്പാലം വേണമെന്ന ആവശ്യം ശക്തമായത്. തുരങ്കപ്പാതയിൽ എല്ലായ്പ്പോഴും ഗതാഗതക്കുരുക്കും വെള്ളക്കെട്ടുമാണ്. റെയിൽവേ ഗേറ്റ് മിക്കപ്പോഴും അടഞ്ഞുകിടക്കുന്നതുമാണ് പ്രതിസന്ധി.

# ഗതാഗത പ്രതിസന്ധി

ചൂർണിക്കര പഞ്ചായത്തിലെ കിഴക്കൻ മേഖലയുടെ ഗതാഗത പ്രതിസന്ധി പരിഹരിക്കാനും പാലം അനിവാര്യമാണെന്ന് നാട്ടുകാർ പറയുന്നു. വളരെ അടുത്തുകൂടെ സമാന്തരമായി കടന്നുപോകുന്ന ദേശീയപാതയുടെയും റെയിൽവേ ലൈനിന്റെയും രണ്ട് വശങ്ങളിലായാണ് പഞ്ചായത്ത് പ്രദേശങ്ങൾ കിടക്കുന്നത്. ഇതിൽ കിഴക്കൻ മേഖലയിലുള്ളവർക്ക് ദേശീയപാതയിലെത്തിവേണം പല ഭാഗങ്ങളിലേക്കും യാത്ര തുടരാൻ. പഞ്ചായത്ത് ഓഫിസടക്കമുള്ള പല പ്രധാന ഓഫിസുകളും ദേശീയപാതയുടെ പടിഞ്ഞാറ് വശത്താണ്. അതുപോലെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹെൽത്ത് സെന്ററക്കമുള്ള പല സ്ഥലങ്ങളിലേക്ക് പടിഞ്ഞാറുഭാഗത്തുള്ളവർക്കും പോകേണ്ടതുണ്ട്.

# പണിമുടക്കുന്ന റെയിൽവെ ഗേറ്റ്

കാലപ്പഴക്കം ചെന്ന റെയിൽവെ ഗേറ്റ് പലപ്പോഴും പണിമുടക്കലാണ് പതിവ്. മാന്ത്രക്കൽ റെയിൽവേ തുരങ്കത്തിന് സൗകര്യം കുറവാണ്. സമീപകാലത്ത് നിർമ്മിച്ചതാണ് മെട്രോ സ്‌റ്റേഷനിലെ തുരങ്കപ്പാത. എന്നാൽ ചെറിയൊരു മഴയത്തുപോലും തുരങ്കപ്പാതകളിൽ വെള്ളക്കെട്ടാണ്. ഒരു മാസത്തോളമായി അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നതും ഇതടക്കമുള്ള പ്രശ്‌നങ്ങൾ കാരണവും ഇതുവഴി യാത്ര നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും റെയിൽവേ ഗേറ്റ് അടഞ്ഞുകിടന്നത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി. ഇതുമൂലം മാന്ത്രക്കൽ തുരങ്കപാത വഴിയാണ് എല്ലാ വാഹനങ്ങളും കടന്നുപോയത്. എന്നാൽ ഇവിടത്തെ അസൗകര്യങ്ങൾ മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

# നിർദ്ദിഷ്ട തുരങ്കപ്പാതയും ഗുണം ചെയ്യില്ലെന്ന്

അമ്പാട്ടുകാവിലെ നിർദ്ദിഷ്ട റെയിൽവേ തുരങ്കപ്പാതയും ഗുണം ചെയ്യില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സമീപകാലത്തായി ഈ ഭാഗത്തടക്കം റെയിൽവെലൈൻ കടന്നുപോകുന്ന പല ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. പെയ്തവെള്ളം ഒഴുകിപ്പോകാനുള്ള തോടുകളും കെട്ടിനിൽക്കാനുള്ള പാടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനാൽ ഇനിയുള്ള കാലങ്ങളിലും വെള്ളക്കെട്ട് പ്രതിസന്ധി കൂടാനാണ് സാദ്ധ്യത. അതിനാൽ അടിയന്തരമായി മാന്ത്രക്കൽ ഭാഗത്തോ സൗകര്യമുള്ള സമീപ പ്രദേശങ്ങളിലോ മേല്പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.