കൊച്ചി: സംസ്ഥാന സർക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി മികച്ച രീതിയിൽ തൊഴിൽ പരിശീലനം പൂർത്തിയാക്കിയ ഏഴ് പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശ ജോലിക്ക് വിസയും ടിക്കറ്റും മന്ത്രി എ.കെ. ബാലനും ഹൈബി ഈഡൻ എം.പിയും ചേർന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ കൈമാറി. അങ്കമാലിയിലെ എസ്‌പേയർ അക്കാദമിയിൽ നിന്നുമാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ളവരായിരുന്നു ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ. യു.എ. ഇ യിലെ അലിക്കോ കമ്പനിയിലാണ് ഇവർക്ക് ജോലി ലഭിച്ചിരിക്കുന്നത്. സർക്കാരിന്റെ ഈ പദ്ധതിയിലൂടെ തൊഴിൽ പരിശീലനം നേടുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് ട്രെയിനിംഗ്,താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. വിദേശ രാജ്യങ്ങളിലെ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായ മേഖലകളിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് സൗജന്യമായി തൊഴിൽ പരിശീലനം നൽകുന്നതിനുള്ള ധാരണാപത്രം മന്ത്രി എ.കെ. ബാലനും ഇറാം ഗ്രൂപ്പിന്റെ എസ്‌പേയർ അക്കാദമി ഡെപ്യൂട്ടി ജനറൽ മാനേജർ ഓസ്റ്റിൻ ഇ.എ.ടിയും തമ്മിൽ കൈമാറി.