കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ പോളിസി ഡോക്യുമെന്റ് ആയി മാറിയിട്ടില്ലാത്ത സാഹചര്യത്തിൽ ചർച്ചകൾക്കും ഭേദഗതികൾക്കും ഇപ്പോഴും അവസരമുണ്ടെന്നും അത് വേണ്ട വിധം പ്രയോജനപ്പെടുത്തണമെന്നും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ പറഞ്ഞു. കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ളോയീസ് ഓർഗനൈസേഷൻസ് കേരള, കുഫോസിൽ സംഘടിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ ശില്പശാല ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യരീതികളെ തകർത്ത് കുത്തകവത്കരണം ലക്ഷ്യമിടുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ് അഭിപ്രായപ്പെട്ടു.

ബി.ജെ.പി സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ദീർഘദൂര ഫലങ്ങളും അത് സൃഷ്ടിക്കുന്ന സാമൂഹ്യപ്രത്യാഘാതങ്ങളും ഗുരുതരമായിരിക്കും എന്ന് അറിയാമെങ്കിലും ന്യൂനപക്ഷ സമുദായങ്ങൾ വേണ്ടവിധം പ്രതികരിക്കുന്നില്ലെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ഡോ.പി.കെ.രവീന്ദ്രൻ പറഞ്ഞു. കുഫോസ് എംപ്ളോസീയ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.കെ.രഘുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എം.സീതി (എം.ജി.യൂണിവേഴ്‌സിറ്റി) ,​അസോസിയേഷൻ ഒഫ് കുഫോസ് ടീച്ചിംഗ് സ്റ്റാഫ് പ്രസിഡന്റ് ഡോ.എസ്.സുരേഷ്‌കുമാർ, കുഫോസ് ടീച്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ.കെ.ദിനേഷ് എന്നിവർ സംസാരിച്ചു.