heart-attack

ഹൃദയാഘാതം വർദ്ധിക്കാൻ പല കാരണങ്ങളുണ്ട്. ഹൃദ് രോഗങ്ങൾക്ക് മദ്ധ്യവർത്തികളായി പ്രവർത്തിക്കുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൂടിയ കൊളസ്ട്രോൾ എന്നിവയുടെ നിരക്ക് കൂടി വരികയാണ്. കേരളത്തിൽ പ്രായപൂർത്തിയായവരിൽ പതിനഞ്ച് ശതമാനം പേർക്ക് പ്രമേഹം ഉണ്ട്. മിക്കവർക്കും രക്തസമ്മർദ്ദം കൂടുതലാണെന്ന് അറിയില്ലെന്ന് മാത്രമല്ല, അറിയുന്നവരിൽ തന്നെ കുറച്ചുപേരുടെ രക്തസമ്മർദ്ദം മാത്രമേ നിയന്ത്രണവിധേയമായിട്ടുമുള്ളു. വ്യായാമത്തിന്റെ കുറവും പൊണ്ണത്തടിയും ഹൃദ്രോഗം വർദ്ധിക്കാൻ കാരണങ്ങളാണ്.

എന്താണ് അൻജെയ്‌‌ന
നെഞ്ചിന്റെ നടുവിൽ കട്ടിപ്പായി അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് അൻജെയ്‌‌ന. അത് ഏകദേശം അര മിനിട്ട് മുതൽ 5 മിനിട്ട് സമയം വരെ നീണ്ടുനിൽക്കാം. ഹൃദയ മാംസപേശികളുടെ പ്രവർത്തനത്തിന് ആവശ്യമായ ഓക്സിജനും പാേഷകങ്ങളും രക്തപ്രവാഹത്തിലൂടെ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇത് ഉണ്ടാകുന്നത്. നെഞ്ചിന്റെ നടുവിൽ ഉണ്ടാകുന്ന കഴപ്പും അസ്വസ്ഥതയുമാണ് പ്രധാന ലക്ഷണം.

ട്രെഡ്മിൽ ടെസ്റ്റ്
ട്രെഡ്മിൽ ടെസ്റ്റ് സാധാരണയായി ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ ബ്ലോക്കിന്റെ സാദ്ധ്യത ഉണ്ടോ എന്നറിയാനാണ്. ടെസ്റ്റ് സമയത്ത് പത്ത് ഇ.സി.ജി വയറുകൾ വ്യക്തിയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കും. ഇവ ഇ.സി.ജി സിഗ്നലുകൾ കമ്പ്യൂട്ടറിലേക്ക് നൽകും. സാധാരണ ട്രെഡ്മില്ലിൽ ഒാരോ മൂന്നുമിനിട്ട് കൂടുന്തോറും ബെൽറ്റിന്റെ സ്പീഡും കയറ്റവും വർദ്ധിക്കും. സ്പീഡ് കൂടുന്നതിനനുസരിച്ച് വ്യക്തിയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിക്കും. നടക്കുമ്പോൾ നെഞ്ചുവേദനയോടു കൂടി ഇ.സി.ജിയിൽ വ്യതിയാനങ്ങൾ കണ്ടാൽ അത് ഹൃദോഗ സാദ്ധ്യതയായി കണക്കാകും.

ഇ.സി.ജി
ഒാരോ മിടിപ്പിലും ഹൃദയത്തിലുണ്ടാകുന്ന വൈദ്യുതി പ്രവർത്തനത്തിനെ രേഖപ്പെടുത്തുന്ന റെക്കാഡാണ് ഇ.സി.ജി. മുകളിലെ അറകൾ സജീവമാകുമ്പോൾ പി തരംഗവും താഴത്തെ അറകൾ സജീവമാകുമ്പോൾ ക്യൂ ആർ എസ് തരംഗവും രേഖപ്പെടുത്തുന്നു. ഇതൊക്കെയാണെങ്കിലും ഇ.സി.ജിയിൽ കുഴപ്പം കാണാത്തതുകൊണ്ട് ഹൃദ്രോഗം ഇല്ല എന്നു പറയാനാവില്ല. അതുപോലെ തന്നെ ഇ.സി.ജിയിൽ കാണുന്ന ചില വ്യതിയാനങ്ങൾ ഹൃദയത്തിന് യാതൊരു അസുഖവും ഇല്ലാത്തവരിലും കാണാം.

ഡോ. വിനോദ് തോമസ്

കാർഡിയോളജിസ്റ്റ്,

ഹൃദ്യ മൾട്ടി സ്പെഷ്യാലിറ്റി ക്ളിനിക്,

കാക്കനാട്