വൈപ്പിൻ: ഫോർട്ട് കൊച്ചി- വൈപ്പിൻ റൂട്ടിൽ രണ്ട് റോ റോ ജങ്കാറുകളുടെ സർവീസ് മുഴുവൻ സമയവും ഇല്ലാത്തതിനാൽ മത്സ്യമേഖലക്ക് കനത്ത നഷ്ടമെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്‌സ് ആൻഡ് കമ്മിഷൻ ഏജന്റ്‌സ് അസോസിയേഷൻ ഫോർട്ട് വൈപ്പിൻ യൂണിറ്റ് പരാതിപ്പെട്ടു. നാലു ഹാർബറുകൾ ഉള്ള മുരുക്കുംപാടം അഴീക്കൽ മേഖലകളിൽ നിന്നും തെക്കൻ കേരളത്തിലേക്കും അരൂർ, ചന്തിരൂർ മേഖലയിലുള്ള സംസ്‌കരണ ശാലകളിലേക്കും മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ കടന്നു പോകാൻ സൗകര്യം ജങ്കാർ സർവീസാണ്. റോഡ് മാർഗം പോയാൽ എറണാകുളം നഗരത്തിലെ ഗതാഗത സ്തംഭനവും റോഡുകളുടെ ശോച്യാവസ്ഥയും മൂലം വാഹനങ്ങൾക്ക് കൃത്യ സമയത്ത് സ്ഥലത്തെത്താൻ കഴിയാതെ വരും. ഇതുമൂലം മത്സ്യ കച്ചവടക്കാർക്ക് പലപ്പോഴും നഷ്ടം സംഭവിക്കുന്നുവെന്ന് അസോസിയേഷൻ പ്രസിഡന്റ് സലീം മുല്ലക്കര, കെ.പി. രതീഷ് എന്നിവർ പറഞ്ഞു.

 കൃത്യമായി സർവീസ് നടത്തുന്നില്ല

നിലവിൽ രണ്ട് ജങ്കാറുകൾ ഉണ്ടെങ്കിലും രണ്ടാമത്തേത് സർവീസ് ആരംഭിക്കുന്നത് ഉച്ചക്ക് ശേഷമാണ്. ഇതേ തുടർന്ന് രാവിലെ മുതൽ ജങ്കാർ ജെട്ടിയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. മണിക്കൂറുകളോളം ക്യൂ കിടന്നു വേണം വാഹനങ്ങൾക്ക് മറുകരപറ്റാൻ . ഇത് മറ്റ് വാഹനയാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊച്ചിൻ കോർപ്പറേഷൻ ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.