വൈപ്പിൻ: അവശയത അനുഭവിക്കുന്ന കിടപ്പുരോഗികളെ സാന്ത്വനിപ്പിക്കാനും പരിചരിക്കുവാനും വിദ്യാർത്ഥികൾ രംഗത്ത്. പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന ഇവരുടെ വിഷമതകൾ കേൾക്കാനും ഒപ്പമുണ്ടെന്ന് ആശ്വസിപ്പിക്കാനും കഴിയുന്ന സഹായം ഉറപ്പാക്കുവാനും സന്നദ്ധരായിറങ്ങുന്നത് ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളാണ്.
പള്ളിപ്പുറം ഗ്രാമപഞ്ചായത്തും മുനമ്പം പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്‌കൗട്ട് ആൻഡ് ഗൈഡും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായാണ് പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനങ്ങളിൽ കുട്ടികൾ അണിചേരുന്നത്. പരിപാടിയുടെ ഉദ്ഘാടനം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പ്രിൻസിപ്പൽ സി.കെ. ഗീത അദ്ധ്യക്ഷത വഹിച്ചു. മുനമ്പം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി. കീർത്തി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധിക സതീഷ്, വാർഡ് മെമ്പർ കെ.എൻ.ഷിബു, ഹെൽത്ത് ഇൻസ്‌പെക്ടർ സോജി.എം.എ., പി.ജി. ആന്റണി, സ്‌കൗട്ട് ആൻഡ് ഗൈഡ് മാസ്റ്റർ സുനിൽ.വി.എസ്, ക്യാപ്ടൻ ഡോ. സുപ്രൻ.സി.ടി., സിന്ധു.കെ.ജി, മിനി ബാബു എന്നിവർ പ്രസംഗിച്ചു.കിടപ്പുരോഗികൾക്ക് ഓണക്കിറ്റും വിതരണം ചെയ്തു.