വൈപ്പിൻ: കഴിഞ്ഞവർഷം പ്രളയത്തിൽ കാണാതായ യുവമോർച്ച പ്രവർത്തകർ മിഥുൻകുമാറിനെ അനുസ്മരിക്കാൻ കൂടിയ യോഗം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആഷിഷ് മുല്ലശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നിധിൻ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടയിൽ ഓച്ചന്തുരുത്ത് അത്തോച്ചിക്കടവ് ഭാഗത്ത് വള്ളം മറിഞ്ഞാണ് മിഥുനെ കാണാതായത്. ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും ശ്രമങ്ങൾ വിഫലമായി. മിഥുന്റെ മൃതദേഹം കണ്ടെത്താനാവാത്തതിനാൽ മരണം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ പ്രളയത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം മിഥുന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ല. അനുസ്മരണ സമ്മേളനത്തിൽ ബി.ജെ.പി വൈപ്പിൻ മണ്ഡലം പ്രസിഡന്റ് വി.വി. അനിൽ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് പത്മജ എസ്. മേനോൻ, എം.എൻ. ദേവരാജ്, എൻ.എം. രവി, എ.എസ്. സജിത്ത്, കെ.ആർ. കൈലാസൻ തുടങ്ങിയവർ പ്രസംഗിച്ചു.