വൈപ്പിൻ: നിരോധിക്കപ്പെട്ട പെലാജിക് വലകൾ ഉപയോഗിച്ച് ചെറുമീനുകളെ പിടിക്കുന്നതിനെതിരെയുള്ള നടപടി ഫിഷറീസ് വകുപ്പ് മുനമ്പം ഹാർബറിൽ മാത്രം ഒതുക്കാതെ കേരളത്തിലെ മുഴുവൻ ഹാർബറുകളിലും നടപ്പിലാക്കണമെന്ന് മുനമ്പം മത്സ്യസംരക്ഷണസമിതി ആവശ്യപ്പെട്ടു. മുനമ്പം മേഖലയിൽ മത്സ്യസംരക്ഷണ സമിതി മുൻകൈയെടുത്ത് ബോട്ടുടമകൾ പെലാജിക് വലകൾ സ്വയം ഉപേക്ഷിച്ചുവരികയാണ്. ഇതിനിടയിൽ തീരുമാനം പാലിക്കാതെ മീൻപിടിക്കുന്ന ബോട്ടുകളെ ഫിഷറീസ് അധികൃതർ പിടികൂടിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ കോഴിക്കോട്, ബേപ്പൂർ, കൊല്ലം, നീണ്ടകര, മംഗലാപുരം മേഖലകളിൽ നിന്നുള്ള ബോട്ടുകൾ മുനമ്പം-കൊച്ചി മേഖലയിൽ എത്തി വ്യാപകമായി പെലാജിക് വലകൾ ഉപയോഗിച്ച് പെയർ ട്രോളിംഗ് നടത്തുന്നുണ്ട്. ഇവർ കടലിൽ രണ്ട് ബോട്ടുകൾ ചേർന്ന് പെയർ ട്രോളിംഗ് നടത്തുന്നത് മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ നേരിട്ട് കാണുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇതുതടയാൻ ഫിഷറീസ് വകുപ്പ് കോസ്റ്റ് ഗാർഡിന്റെ സഹായം തേടണമെന്നും കടലിൽ പെലാജിക് വല ഉപയോഗിച്ച് പെയർട്രോളിംഗ് നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കടലിലെ മത്സ്യസമ്പത്ത് ശോഷിക്കാതിരിക്കാൻ പെലാജിക് വലകൾ ഉപേക്ഷിച്ച മുനമ്പം മത്സ്യമേഖലയിലുള്ളവർ കൈക്കൊണ്ട തീരുമാനത്തിന് ഫലമുണ്ടാകണമെങ്കിൽ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്നവരുടെ നിയമവിരുദ്ധ മീൻപിടിത്തത്തിന് കടിഞ്ഞാണിടണമെന്നും മത്സ്യസംരക്ഷണസമിതി ആവശ്യപ്പെടുന്നു.