കാലടി: ഉപയോഗശൂന്യമായ പാറമടകൾ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി വരുത്തുന്നത് തടയാൻ പാറമടകൾ കെട്ടി സംരക്ഷിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അയ്യമ്പുഴയിൽ ഉപയോഗശൂന്യമായ പാറമടയിൽ കഴിഞ്ഞദിവസം മദ്ധ്യവയസ്കൻ വീണ് മരിച്ചിരുന്നു.

അങ്കമാലി നിയോജകമണ്ഡലത്തിൽ നിരവധി പാറമടകളാണ് ഉപയോഗശൂന്യമായി കാടുകയറിക്കിടക്കുന്നത്. ഈ പാറമടകളിൽ വെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ വീണാൽ രക്ഷപ്പെടാൻ സാദ്ധ്യതയില്ല. പാറമടകൾക്ക് പഞ്ചായത്ത് അനുമതി നൽകുമ്പോൾ ഉപയോഗശേഷം പാറമട കെട്ടി സംരക്ഷിക്കുന്നതിനും മണ്ണിട്ടുനികത്താനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിരവധി കന്നുകാലികളും കാട്ടുമൃഗങ്ങളും മേയുന്ന പ്രദേശത്ത് കാട് കയറി മൂടിക്കിടക്കുന്ന പാറമടകൾ ജീവന് ഭീഷണിയാണ്. പാറമടകളുടെ വലിപ്പവും താഴ്ചയും ആരെയും ഭയപ്പെടുത്തും.