കൊച്ചി: മേയർ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തെ ഒറ്റക്കെട്ടായി നേരിടാൻ ഇന്നലെ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. അവിശ്വാസപ്രമേയത്തിന്റെ മറവിൽ മേയറെ മാറ്റാനുള്ള ഒരു വിഭാഗത്തിന്റെ നീക്കങ്ങളും പൊളിഞ്ഞു. എറണാകുളം നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ഭരണസമിതി തുടരേണ്ടത് ആവശ്യമാണെന്നും അവിശ്വാസത്തെ പരാജയപ്പെടുത്തണമെന്നുമുള്ള നേതാക്കളുടെ നിർദേശം കോൺഗ്രസ് കൗൺസിലർമാരും ഘടകകക്ഷികളും അംഗീകരിച്ചതോടെ യു.ഡി.എഫിലെ പ്രതിസന്ധിക്ക് താൽക്കാലിക ശമനമായി.

മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിൽ രണ്ടര വർഷത്തിന് ശേഷം മാറ്റം വരുമെന്ന തിരഞ്ഞെടുപ്പ് കാലത്തെ ധാരണ നടപ്പാക്കണമെന്ന് കൗൺസിലർമാരായ എം.ബി. മുരളീധരൻ, കെ.ആർ. പ്രേമകുമാർ എന്നിവർ യോഗത്തിൽ ശക്തമായി വാദിച്ചുവെങ്കിലും അവിശ്വാസ പ്രമേയത്തിന് ശേഷം ഇക്കാര്യങ്ങൾ ആലോചിക്കാമെന്നായിരുന്നു നേതാക്കളുടെ മറുപടി.

 എതിർപ്പ് പ്രകടിപ്പിച്ച് ഹൈബി

താൻ എം.എൽ.എയായിരുന്നപ്പോൾ മേയറുടെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ലഭിച്ചില്ലെന്ന് ഹൈബി ഈഡൻ എം.പി തുറന്നു പറഞ്ഞു. മുൻ തൃക്കാക്കര എം.എൽ.എ ബെന്നി ബെഹനാന്റെയും തന്റെയും വികസനപ്രവർത്തനങ്ങളുടെ ബലത്തിലാണ് ഭരണസമിതി വീണ്ടും അധികാരത്തിൽ എത്തിയതെങ്കിലും പല കാര്യങ്ങളിലും തന്റെ നിർദേശങ്ങൾ സൗമിനി ജെയിൻ മാനിച്ചില്ലെന്ന് ഹൈബി പരാതിപ്പെട്ടു. കൗൺസിലർമാരായ വി.കെ.മിനിമോൾ, തമ്പി സുബ്രഹ്മണ്യം, മാലിനി എന്നിവരും മേയറെ വിമർശിച്ചു. കെ.പി.സി.സി നേതൃത്വത്തിന്റെ അറിവില്ലാതെ സ്ഥാനമാറ്റം ഉണ്ടാവാൻ പാടില്ലെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ.ബി. സാബു ആവശ്യപ്പെട്ടു.

മുൻകൂർ അനുമതി സദുദ്ദേശത്തോടെ

തുരുത്തി കോളനിയിൽ രാജീവ് ഗാന്ധി ആവാസ് യോജന ( റേ ) പ്രകാരമുള്ള ഭവനപദ്ധതിയിലെ കരാറുകാരന് സെക്യൂരിറ്റി തുകയായ 91 ലക്ഷം രൂപ തിരിച്ചു നൽകാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് മേയർ വിശദീകരിച്ചു. പദ്ധതി തുടരണമെന്ന ഉദ്ദേശത്തോടെയാണ് പണം നൽകിയത്. വിജിലൻസ് അന്വേഷണത്തെ നേരിടുമെന്നും സൗമിനി ജെയിൻ വ്യക്തമാക്കി.

ഘടകകക്ഷികളുമായി ചർച്ച നടത്തി

മൂന്നു മണിക്കൂറോളം നീണ്ട പാർലമെന്ററി യോഗത്തിൽ എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, കെ. ബാബു, കെ.വി. തോമസ്, പി.ടി. തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലറുമായുള്ള യോഗത്തിന് ശേഷം ഘടകക്ഷികളുമായും നേതാക്കൾ സംസാരിച്ചു.

അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തും

12 ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുമെന്ന് മുസ്ളീംലീഗ് കൗൺസിലർമാരായ പി.എം. ഹാരിസ്, ടി.കെ. അഷ്റഫ്, കേരള കോൺഗ്രസിലെ ജോൺസൺ എന്നിവർ പറഞ്ഞു.

.