കൊച്ചി : പുതിയ പാതയിലെ യാത്രാകൗതുകവും പകുതി നിരക്കും ഒത്തുചേർത്ത് തൈക്കൂടം മെട്രോയുടെ ആദ്യദിനം നഗരവാസികൾ ആഘോഷമാക്കി. തൈൂക്കടത്തേയ്ക്ക് ആരംഭിച്ച സർവീസിനെ നഗരം ഇരുകൈയും നീട്ടി സ്വീകരിച്ചു. 39,538 പേരാണ് ഇന്നലെ വൈകിട്ട് 5 വരെ മെട്രോയിൽ സഞ്ചരിച്ചത്. ചൊവ്വാഴ്ച 25,673 യാത്രക്കാരായിരുന്നു.

ആദ്യദിനം15 മിനിറ്റ് ഇടവിട്ടാണ് മഹാരാജാസിൽ നിന്ന് സർവീസുകൾ നടത്തിയത്. ആലുവയിൽ നിന്ന് പുറപ്പെട്ട ട്രെയിനുകൾ ഒന്നിടവിട്ട് മഹാരാജാസിൽ സർവീസ് അവസാനിപ്പിച്ചു. അടുത്ത ട്രെയിൻതൈക്കൂടം വരെ ഓടി. മഹാരാജാസ് വരെയെത്തിയ ട്രെയിനുകളിൽ തൈക്കൂടം ഭാഗത്തേയ്ക്കു പോകണ്ട യാത്രക്കാർക്ക് എം.ജി. റോഡിലിറങ്ങി അടുത്ത ട്രെയിനിൽ യാത്ര തുടരാൻ അവസരം നൽകി.

# പകുതി നിരക്കിൽ മെട്രോ നിറഞ്ഞു

തൈക്കൂടം പാത തുറന്നത് പ്രമാണിച്ച് ഇന്നലെ മുതൽ പകുതി നിരക്കാണ് മെട്രോ ഈടാക്കുന്നത്. ഇതുമൂലം രാവിലെ മുതൽ ആലുവ മുതൽ എല്ലാ സ്റ്റേഷനുകളിലും പതിവിലേറെപ്പേർ യാത്ര ചെയ്തു. ഇന്നലെ മുതൽ 14 ദിവസമാണ് ഇളവ്.

ആലുവയിലായിരുന്നു ഏറ്റവുമധികം തിരക്ക്. മൂന്നു ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിലും നീണ്ട വരി തുടർന്നു. ആലുവയിൽ നിന്ന് ബസിൽ എറണാകുളം സൗത്ത് വരെ 19 രൂപ നൽകണം. മെട്രോയിൽ 25 രൂപയ്ക്ക് യാത്ര ചെയ്യാം. വേഗത്തിലും സുഖകരമായും സഞ്ചരിക്കാനുള്ള സൗകര്യവും കണക്കിലെടുത്താണ് മെട്രോയിൽ കയറിയതെന്ന് യാത്രക്കാർ പറഞ്ഞു.

# വൈറ്റില സൂപ്പറാ

പുതിയ പാതയിൽ ഏറ്റവുമധികം പേർ ഉപയോഗിച്ചത് വൈറ്റില സ്റ്റേഷനാണ്. കടവന്ത്രയിലും തിരക്ക് അനുഭവപ്പെട്ടു. വൈറ്റില ഹബിൽ മറ്റു ജില്ലകളിൽ നിന്നും ജില്ലയുടെ ഇതരഭാഗങ്ങളിൽ നിന്നുമെത്തിയവർ എറണാകുളത്തെത്താൻ ആശ്രയിച്ചത് മെട്രോയെയാണ്. നിർമ്മാണജോലികൾ പൂർണമാകാത്തത് എളംകുളത്തും വൈറ്റിലയിലും അല്പം വിഷമങ്ങൾ സൃഷ്ടിച്ചെങ്കിലും യാത്രക്കാർ തൃപ്തരായിരുന്നു.

പതിവുകാരാകാൻ വിദ്യാർത്ഥികളും

മെട്രോ യാത്രപ്രോത്സാഹിപ്പിക്കാൻ തൃപ്പൂണിത്തുറ ചോയ്സ് സ്കൂൾ തീരുമാനിച്ചു. നഗരത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ മെട്രോയിൽ തൈൂക്കൂടത്തെത്തി അവിടെ നിന്ന് സ്കൂൾ ബസ് ഉപയോഗിക്കാൻ നിർദ്ദേശിക്കും. ഇതിന്റെ ഭാഗമായി ഒമ്പത്, പത്ത് ക്ളാസുകളിലെ മുപ്പതു വിദ്യാർത്ഥികൾ ഇന്നലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് മെട്രോയിൽ യാത്ര ചെയ്തു.പൊതുഗതാഗത സംവിധാനം ശീലമാക്കാനാണ് ഈതീരുമാനം.

പുതിയ ഓഫറുകൾ

# ദിവസ പാസ്

തുക : 125 രൂപ

പേപ്പർ ടിക്കറ്റ്

ഒരു ദിവസം എത്ര യാത്രയും നടത്താം

ഏതു സ്റ്റേഷനിൽ നിന്നും വാങ്ങാം

# വാരാന്ത്യ പാസ്

ശനി, ഞായർ ഉപയോഗിക്കാം

തുക : 250 രൂപ

പേപ്പർ ടിക്കറ്റ്

രണ്ടു ദിവസം എത്ര യാത്രയും നടത്താം

ഏതു സ്റ്റേഷനിൽ നിന്നും വാങ്ങാം

# പുതിയ കൊച്ചി വൺ കാർഡ്

150 രൂപയുടെ സർവീസ് ചാർജില്ല

സെപ്തംബർ 30 വരെ ആനുകൂല്യം

# ബുക്ക് മൈ ഷോ ഇളവ്

കൊച്ചി വൺ കാർഡ് ഉപയോഗിച്ചാൽ 100 രൂപ വരെ കിഴിവ്.

യൂസർ കോഡ് : BMSAXIS19.

# മെട്രോ അനിവാര്യം

ഉൗർജവും പണവും ലാഭിക്കാനും പൊതുഗതാഗതം ഉപയോഗിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിന് മെട്രോ ഉപയോഗിക്കാൻ പരമാവധി പ്രോത്സാഹനം നൽകും.

സുനിത സതീഷ്

പ്രിൻസിപ്പൽ

ചോയ്സ് സ്കൂൾ