കൊച്ചി : മട്ടാഞ്ചേരി പുതിയ പാലത്തിലെ (ബി.ഒ.ടി പാലം) ടോൾ നിറുത്തലാക്കിയതിനാൽ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്ന കമ്പനിയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇക്കാര്യത്തിൽ ആർബിട്രേഷൻ ട്രിബ്യൂണലിൽ കേസ് നിലവിലുണ്ടെന്നതിനു പുറമേ കോടതിക്ക് പുറത്ത് തർക്കം തീർപ്പാക്കാൻ ശ്രമമുണ്ടെന്നതും വിലയിരുത്തിയാണ് ഹൈക്കോടതി കൊച്ചിൻ ബ്രിഡ്ജ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ (സി.ബി.സി.ഐ.എൽ) ഹർജി തീർപ്പാക്കിയത്. മട്ടാഞ്ചേരിയിലെ പുതിയ പാലത്തിന്റെ നിർമ്മാണത്തെത്തുടർന്ന് 2014 ഏപ്രിൽ 27 വരെ ടോൾപിരിവിന് അനുമതി നൽകിയിരുന്നു. ഇതവസാനിപ്പിച്ചതിനാൽ കമ്പനിക്ക് 16.23 കോടി രൂപ നഷ്ടപരിഹാരം നൽകാൻ 2016 ഡിസംബർ14 ലെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനെതിരെ ചിലർ പരാതി നൽകിയതു കണക്കിലെടുത്തു പണം നൽകേണ്ടെന്ന് പിന്നീട് സർക്കാർ നിലപാടെടുത്തു. ഇതിനെതിരെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ നഷ്ടപരിഹാരം നൽകാൻ സർക്കാരിനെ നിർബന്ധിക്കാൻ കഴിയില്ലെന്ന് ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനമുണ്ടെന്ന കാരണത്താൽ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോടു നിർദ്ദേശിക്കാനാവില്ല. ഒത്തുതീർപ്പു നടപടികൾ ആർബിട്രേഷൻ ട്രിബ്യൂണലിൽ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്തുകൊണ്ട് സർക്കാർ നഷ്ടപരിഹാരം നൽകുന്നില്ല ?
സി.ബി.സി.ഐ.എൽ പറഞ്ഞ നിർമ്മാണ ചെലവ് : 22.15 കോടി രൂപ
പദ്ധതി റിപ്പോർട്ടിൽ പറയുന്ന മതിപ്പു ചെലവ് : 20.50 കോടി രൂപ
ടോൾ പിരിവിലൂടെ ലഭിച്ചത് : 44.26 കോടി രൂപ