amiruth

കൊച്ചി : 'യൂണിഫോമിട്ടതേ ടെസ്‌റ്റെഴുതി പാസായാണ്. നിങ്ങൾക്ക് ഇഷ്‌ടമുള്ളവരെ കൊണ്ടിരുത്ത്, നിങ്ങൾ പറയുന്നതുപോലെ ചെയ്യാൻ കഴിയില്ല". കളമശേരി എസ്.ഐ അമൃത് രംഗന്റെ ചടുലമായ വാക്കുകൾക്ക് മുന്നിൽ സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി വി.എം. സക്കീർ ഹുസൈന് ഉത്തരംമുട്ടി. ഇരുവരും തമ്മിലുള്ള ഫോൺസംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാണ്.

വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ കുസാറ്റ് കാമ്പസിൽ നിന്ന് പൊലീസ് വാഹനത്തിൽ കയറ്റിയത് ചോദ്യം ചെയ്യാനാണ് സക്കീർ എസ്.ഐയുമായി ബന്ധപ്പെട്ടത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ സക്കീർ ഹുസൈൻ നേരത്തെ അറസ്റ്റിലായിരുന്നു. ഈ സമയം ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും പിന്നീട് തിരികെയെത്തി.

സംഭാഷണത്തിൽ നിന്ന്

 സക്കീർ ഹുസൈൻ : യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റിനെ വണ്ടിയിലേക്ക് കയറ്റി തെറി പറഞ്ഞുവെന്ന സംഭവമുണ്ടായി

 എസ്.ഐ : ഇവിടെ അടിനടന്നു. ഒരു പയ്യൻ ചോരയൊലിപ്പിച്ച് നിൽക്കുന്നു. ഇങ്ങോട്ടുവന്ന പയ്യനെ അമിനിറ്റിയിൽ കൊണ്ടാക്കിയിട്ടുണ്ട്. അതുമാത്രമാണുണ്ടായിട്ടുള്ളത്. ഇപ്പോഴും പ്രശ്‌നം നടക്കുകയാണ്. ഞാൻ അതിനിടയിൽ നിൽക്കുകയാണ്.

 സക്കീർഹുസൈൻ: അവൻ എസ്.എഫ്.ഐയുടെ ജില്ലാ ഭാരവാഹിയാണെന്ന് പറഞ്ഞല്ലോ, നിങ്ങൾ വളരെ മോശമായിട്ടല്ലേ പെരുമാറിയത്.

 എസ്.ഐ: ഇങ്ങനെ ചിന്തിച്ചാൽ ഞാനെന്താ പറയുക. അങ്ങനെയൊരു സാഹചര്യമായിരിക്കും, അങ്ങനെ സംസാരിച്ചു എന്നൊക്കെ എടുക്കുകയാണെങ്കിൽ ഒന്നും പറയാനില്ല. കുറെ കുട്ടികൾ നിൽക്കുന്നിടത്തേക്കാണ് അവൻ വന്നത്. അവനെ അമിനിറ്റിയിലേക്ക് മാറ്റുകയാണ് ചെയ്‌തത്. നിങ്ങൾ അവർ പറയുന്ന സൈഡിൽ നിന്നാണ് വർത്തമാനം പറയുന്നതെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല. മനസിലായോ. കുറെ കുട്ടികൾ ഓടിവരുന്നു. അതിനിടയിലേക്ക് അവൻ വരുന്നു. ഞങ്ങൾക്ക് പണിയെടുക്കേണ്ടേ. ഈ കുട്ടികൾ തമ്മിലടിച്ച് ചോര കണ്ടോണ്ടിരിക്കാൻ പറ്റാത്തതുകൊണ്ടല്ലേ ഇടപെടുന്നത്. ഇവർ അടിച്ചുചാകുന്നത് എനിക്ക് കണ്ടോണ്ടിരിക്കാൻ പറ്റുമോ.

 സക്കീർഹുസൈൻ: ഇന്ന് അടിയുണ്ടാകുമെന്നും എസ്.എഫ്.ഐ തിരഞ്ഞെടുക്കപ്പെട്ടവരുമായി ആഹ്ളാദപ്രകടനം നടത്തുമെന്നും മറ്റൊരു പ്രകടനമുണ്ടാകുമെന്നും മുൻകൂട്ടി അറിയിച്ചതല്ലേ

 എസ്.ഐ: അതേ, എസ്.എഫ്.ഐയുടെ പ്രകടനം മാന്യമായി കഴിഞ്ഞു. അവിടെ ഞാനുണ്ടായിരുന്നു. പ്രവർത്തകർ പിരിഞ്ഞുപോയി. മുന്നിൽ നടന്നുപോയ നാലഞ്ചുപേരെ അടിച്ചുവെന്ന് പറയുന്നു. ആര് അടിച്ചുവെന്ന് വ്യക്തമായിട്ടില്ല. സഹാറയിലെ ഹോസ്റ്റലിലെ പയ്യന്റെ തലയിൽ നിന്നാണ് ചോരകണ്ടത്. എസ്.എഫ്.ഐക്കാർ പറയുന്നു അവർ അടിച്ചുവെന്ന്. അവർ പറയുന്നു എസ്.എഫ്.ഐക്കാർ അടിച്ചുവെന്ന്.

 സക്കീർഹുസൈൻ: ലീഡർഷിപ്പിലുള്ള ഒരാൾ ഞാൻ ഇന്നയാളാണെന്ന് പറഞ്ഞാൽ അയാളോട് മാന്യമായി പെരുമാറേണ്ട സമീപനമല്ലേ വേണ്ടത്.

 എസ്.ഐ: അമിനിറ്റിയിൽ എത്തുമ്പോൾ ജില്ലാ ചുമതലയുള്ളയാളാണെന്ന് പറഞ്ഞു. അവിടെ ഇറക്കിവിട്ടു. അല്ലെങ്കിലും അവിടെ ഇറക്കും.

 സക്കീർഹുസൈൻ: ഞാൻ ആദ്യമായാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് മോശമായ അഭിപ്രായമാണ് പൊതുജനങ്ങൾക്കിടയിലും രാഷ്‌ട്രീയക്കാരിലും. കളമശേരിയുടെ രാഷ്‌ട്രീയവും നിലപാടും മനസിലാക്കി ഇടപെടുന്നത് നല്ലതായിരിക്കും.

 എസ്.ഐ : എനിക്ക് അങ്ങനെയൊരു നിലപാടില്ല. നേരെ വാ നേരെ പോ എന്ന നിലപാടുള്ളയാളാണ്. ഒരു പാർട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും വാക്ക് പറഞ്ഞിട്ടില്ല. കളമശേരി ആരുടേതാണെങ്കിലും എനിക്ക് പ്രശ്‌നമില്ല. എനിക്ക് എല്ലാ പിള്ളേരും ഒരു പോലെയാ. ഇവിടുത്തെ നിലപാട് നോക്കിയിട്ട് എനിക്ക് വർക്ക് ചെയ്യാൻ പറ്റില്ല. ഞാൻ കളമശേരിയിൽ വന്നത് ആരുടെയും കാലുപിടിച്ചിട്ടല്ല.

 സക്കീർഹുസൈൻ : താങ്കൾ മാന്യമായി പെരുമാറണം

 എസ്.ഐ: ഇതിൽ കൂടുതലെങ്ങനെയാണ് മാന്യമായി പെരുമാറുക. നിങ്ങളുടെ ചുമതലയിലുള്ള പയ്യനെ അമിനിറ്റി സെന്ററിലാക്കി. അതിൽ കൂടുതൽ എന്തുചെയ്യണം.

 സക്കീർഹുസൈൻ: നിങ്ങൾ വികാരം കൊള്ളണ്ടാ...

 എസ്.ഐ : പിള്ളേര് തമ്മിൽ തല്ലുന്നത് കണ്ടുനിൽക്കില്ല.

 സക്കീർഹുസൈൻ : കളമശേരിയിൽ നിങ്ങൾ മാത്രമല്ല എസ്.ഐയായിട്ട് വന്നിട്ടുള്ളത്.

 എസ്.ഐ : വളരെ വ്യത്യാസമുണ്ട് സുഹൃത്തേ. അതാണ് വ്യത്യാസം. ഇവിടെ ചത്തുകിടന്നാലും പിള്ളാരേ തല്ലാൻ സമ്മതിക്കില്ല. ഈ യൂണിഫോമിട്ടിട്ടാണെങ്കിൽ ചാകാൻ റെഡിയായിട്ടാ വന്നേക്കുന്നത്. നിങ്ങൾ എന്താ ചെയ്യുകാന്നു വച്ചാൽ ചെയ്യ്. ഇരിക്കാമെന്ന് വാക്കുകൊടുത്തവരാണ് ഇവിടം നശിപ്പിച്ചത്.

 സക്കീർഹുസൈൻ : നിങ്ങൾ മാന്യമായി സംസാരിക്കൂ, എന്തിനാ ചൂടാകുന്നത്

 എസ്.ഐ : നിങ്ങളുടെ ജില്ലയിലെ ഒരു പയ്യൻ പറയുന്നതാണ് വിശ്വസിക്കുന്നത്. ചത്ത് പണിയെടുത്തവർ പറഞ്ഞാൽ വിശ്വസിക്കാൻ പറ്റാത്തത് എന്താ.

 സക്കീർഹുസൈൻ : താൻ പലയാളുകളോടും ചൂടായാണ് സംസാരിക്കുന്നത്. മെക്കിട്ടുകേറി വർത്തമാനം പറയല്ലേ

 എസ്.ഐ : മാന്യമായിട്ട് മാത്രമാണ് സംസാരിച്ചത്.

 സക്കീർഹുസൈൻ : രാഷ്‌ട്രീയ പ്രവർത്തകരോട് തനിക്ക് പുച്ഛമായിരിക്കാം. മേലുദ്യോഗസ്ഥരോട് ഇങ്ങനെയായിരിക്കില്ലല്ലോ സംസാരിക്കുക.

 എസ്.ഐ : രാഷ്‌ട്രീയക്കാരോട് പുച്ഛമില്ല.

 സക്കീർഹുസൈൻ : നിങ്ങൾക്ക് കൊമ്പുണ്ടോ

 എസ്.ഐ : എനിക്ക് ഏതായാലും കൊമ്പില്ല, നിങ്ങൾക്ക് കൊമ്പുണ്ടെങ്കിൽ ചെയ്യ്. യൂണിഫോമിട്ടതേ...ടെസ്റ്റെഴുതി പാസായാണ്. നിങ്ങൾക്ക് ഇഷ്‌ടമുള്ളയാളിനെ കൊണ്ടിരുത്ത്. നിങ്ങൾ പറയുന്നതുപോലെ പണിയെടുക്കാൻ കഴിയില്ല. പേടിച്ച് ജീവിക്കാൻ പറ്റൂല്ല.