മൂവാറ്റുപുഴ: ആശുപത്രി വരാന്തയിൽ രാത്രി ഉപേക്ഷിക്കപ്പെട്ട മുറിവേറ്റനിലയിൽ കാണപ്പെട്ടനായ്കുട്ടികൾക്ക് തൃക്കളത്തൂർ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ.ലീന പോളിന്റെ കാരുണ്യത്തിൽ പുതുജീവൻ. തൃക്കളത്തൂർ മൃഗാശുപത്രിയുടെ വരാന്തയിലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി രണ്ട് നാടൻ നായ്ക്കുട്ടികളെആരോ ഉപേക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ ജിവനക്കാർ എത്തിയപ്പോഴാണ് ആശുപത്രി വരാന്തയിൽ കാർഡ് ബോർഡ് പെട്ടിയിൽ അടച്ച നിലയിൽ നായ്ക്കുട്ടികളെ കണ്ടത്. ദേഹമാസകലം മുറിവുകളുമായി അവശനിലയിലായിരുന്നു. വെള്ള നിറത്തിലുള്ള പെൺ പട്ടികുട്ടിയും, കറുത്ത നിറത്തിലുള്ള ആൺ പട്ടികുട്ടിയുമായിരുന്നു. പ്രാഥമിക ചികിത്സ നൽകി ആഹാരങ്ങളും, പാലും കൊടുത്തതോടെ നായ്ക്കുട്ടികളുടെ ക്ഷീണംമാറി. ഇതോടെ ആശുപത്രി ജീവനക്കാരുടെയും, ആശുപത്രിയിൽ എത്തുന്നവരുടെയും ഓമനയായി നായ്കുട്ടികൾ മാറുകയായിരുന്നു. ആശുപത്രി വെറ്റിനറി സർജൻ ഡോ.ലീന പോൾ നാടൻ നായ്കുട്ടികളുടെ ഫോട്ടോകൾ ഫെയ്‌സ് ബുക്കിലും, വാട്സപ്പിലും ഇട്ടതോടെ കൊണ്ടുപോകാൻ നിരവധിയാളുകളാണ് എത്തിയത്. . തൃക്കളത്തൂർ സ്വദേശി ജാൻസി തിങ്കളാഴ്ച പെൺ പട്ടികുട്ടിയെ ഏറ്റെടുത്തു. തൃക്കളത്തൂർ സ്വദേശിയായ ശ്രീനിവാസൻ ബുധനാഴ്ച ആൺ പട്ടികുട്ടിയേയുംഏറ്റെടുത്തു.