vd-rajan
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന ശ്രീനാരായണ ജയന്തിയുടെ ഭാഗമായുള്ള ദിവ്യജ്യോതി റിലേ സമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവത്തിന്റെ ഭാഗമായുള്ള ദിവ്യജ്യോതി റിലേ ആലുവ നഗരത്തെ ഭക്തിസാന്ദ്രമാക്കി.

അദ്വൈതാശ്രമത്തിൽ നടന്ന ജ്യോതി റിലേ സമ്മേളനം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ഡി. രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മ പഠനകേന്ദ്രം ഡയറക്ടർ പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ പി.പി. സനകൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് കൗൺസിലർ ജഗൽകുമാർ എന്നിവർ പ്രസംഗിച്ചു. കൗൺലിവർമാരായ കെ. കുമാരൻ, സജീവൻ ഇടച്ചിറ, വി.എ. ചന്ദ്രൻ, രൂപേഷ് മാധവൻ, കെ.സി. സ്മിജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

സമ്മേളനത്തിന് ശേഷം അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് മേൽശാന്തി പി.കെ. ജയന്തൻ പകർന്നുനൽകിയ ദീപശിഖ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു യൂത്ത് മൂവ്‌മെന്റ് ആലുവ യൂണിയൻ പ്രസിഡന്റ് അമ്പാടി ചെങ്ങമനാടിന് കൈമാറി. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ദീപശിഖയുമായി നഗരംചുറ്റി. തുടർന്ന് ബാങ്ക് കവലയിൽ നിന്ന് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ ദിവ്യജ്യോതി തിരികെ അദ്വൈതാശ്രമത്തിലേക്ക് ആനയിച്ചു. ആശ്രമത്തിൽ വച്ച് ദിവ്യജ്യോതി യോഗം അസി. സെക്രട്ടറിയും ജ്യോതിപര്യടന ക്യാപ്ടനുമായ കെ.എസ്. സ്വാമിനാഥൻ ഏറ്റുവാങ്ങി.

ഇന്നുമുതൽ എട്ടാംതീയതിവരെ യൂണിയൻ അതിർത്തിയിലെ 61 ശാഖകളിൽ ദിവ്യജ്യോതി പര്യടനം നടത്തും. കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ എന്നിവരാണ് വൈസ് ക്യാപ്ടന്മാർ. രാവിലെ ഒമ്പതിന് തോട്ടക്കാട്ടുകരയിൽ നിന്നാരംഭിക്കുന്ന പര്യടനം വൈകിട്ട് എളവൂരിൽ സമാപിക്കും. ശാഖാ പ്രസിഡന്റ് സുധാകരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്യും. കൗൺസിലർമാരായ കെ.ബി. അനിൽകുമാർ, വി.എ. ചന്ദ്രൻ എന്നിവർ സംസാരിക്കും. കെ.എസ്. സ്വാമിനാഥൻ മറുപടി പ്രസംഗം നടത്തും.