മൂവാറ്റുപുഴ: സപ്ലൈകോയുടെ മൂവാറ്റുപുഴ താലൂക്ക് ഓണം ഫെയറിന് തുടക്കമായി. സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഓണം വിപണിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ ആദ്യവിൽപ്പന നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ്, നഗരസഭ കൗൺസിലർ ജയകൃഷ്ണൻ നായർ, പി.എസ്.സലീം ഹാജി, കാനം വിജയൻ, സപ്ലൈകോ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പഞ്ചസാര, വിവിധയിനം അരി അടക്കം 11 ഇനം പലചരക്ക് സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ ഓണം വിപണിയിൽ വിതരണം ചെയ്യുന്നത്.പച്ചക്കറിയും, ഏത്തക്കായയും വിലകുറവിൽ ലഭിക്കും. ഈമാസം 10 വരെയാണ് ഓണ വിപണി പ്രവർത്തിക്കുന്നത്.