luluajman
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അജ്മാനിൽ ഉദ്ഘാടനം ചെയ്ത ശേഷം അജ്മാൻ ഭരണാധികാരിയുടെ മകനും അജ്മാൻ ടൂറിസം വികസന വകുപ്പ് മേധാവിയുമായ ശൈഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ നുഐമി നോക്കിക്കാണുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, ഗ്രൂപ്പ് സി.ഒ.ഒ. സലിം വി.ഐ., ഡയറക്ടർ എം.എ. സലിം തുടങ്ങിയവർ സമീപം.

അജ്മാൻ: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് അജ്മാനിൽ പ്രവർത്തനമാരംഭിച്ചു. അജ്മാൻ ഭരണാധികാരിയുടെ മകനും അജ്മാൻ ടൂറിസം വികസന വകുപ്പ് മേധാവിയുമായ ശൈഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയാണ് ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അജ്മാനിലെ മൂന്നാമത്തെയും ആഗോള തലത്തിൽ 177 മത് ഹൈപ്പർ മാർക്കറ്റുമാണ്.

അജ്മാൻ വ്യവസായ മേഖല 3 ലെ നാസിർ പ്ലാസയിലാണ് ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച പുതിയ ഹൈപ്പർ മാർക്കറ്റ്.


2020 അവസാനമാകുമ്പോൾ 200 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. യു.എ.ഇ. യിലെ വിവിധ ഭാഗങ്ങളിൽ 4 പുതിയ ഹൈപ്പർ മാർക്കറ്റുകൾ അടുത്ത് തന്നെ ആരംഭിക്കും. ഈജിപ്ത് സർക്കാരുമായി സഹകരിച്ച് നാല് പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു. ഇത് സംബന്ധിച്ച കരാർ ഈജിപ്ത് പ്രധാന മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. ഇത് കൂടാതെ 6 ഹൈപ്പർ മാർക്കറ്റുകളും 10 മിനി മാർക്കറ്റുകളും ഈജിപ്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ, ഗ്രൂപ്പ് സി.ഒ.ഒ. സലിം വി.ഐ., ഡയറക്ടർ എം.എ. സലിം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.