കൊച്ചി: ഓണം ആഘോഷിക്കാൻ നാട്ടിലെത്താമെന്ന് മക്കളോ, അന്യനാട്ടിൽ മക്കളോടൊത്ത് ആഘോഷിക്കാമെന്ന് അച്ഛനമ്മമാരോ വിചാരിച്ചിട്ട് കാര്യമില്ല. റെയിൽവേ കൂടി കനിയണം.
ഓണാവധി കണക്കാക്കി ഡൽഹി, മുംബയ് നഗരങ്ങളിൽ നിന്ന് നാട്ടിലേക്കും കേരളത്തിൽ നിന്ന് അങ്ങോട്ടും കാലേക്കൂട്ടി ട്രെയിൻ ടിക്കറ്റെടുത്തവർക്കൊക്കെ റെയിൽവേ പണി കൊടുത്തു. കാലവർഷത്തിൽ കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞതോടെ ഒമ്പത് ദിവസം തുടർച്ചയായി ട്രെയിൻ സർവീസ് നിറുത്തിവച്ചിരുന്നു. ഇപ്പോഴുമത് പൂർണമായി പുന:സ്ഥാപിച്ചിട്ടില്ല.
അതിന് പുറകെ ഡൽഹി മലയാളികൾക്ക് അടിയായി കേരളത്തിലേക്കുള്ള ആറ് ട്രെയിനുകൾ ഓണത്തലേന്ന് വരെ റദ്ദാക്കിയിരിക്കുകയാണ്. ഡൽഹിക്കടുത്തുള്ള ബൽബാഗറം സ്റ്റേഷൻ ഇന്റർലോക്കിംഗ് നടക്കുന്നതിന്റെ പേരിലാണ് ഈ ട്രെയിനുകൾ റദ്ദാക്കിയത്. നേരത്തെ വൈകിയോടുമെന്ന് റെയിൽവേ അറിയിപ്പ് കൊടുത്തതിനാൽ ആശ്വസിച്ചിരിക്കുകയായിരുന്നു യാത്രക്കാർ. അതുകൊണ്ടു തന്നെ മറ്റു യാത്രാമാർഗ്ഗങ്ങൾ നോക്കിയതുമില്ല.
പൊടുന്നനെയാണ് ട്രെയിനുകൾ റദ്ദാക്കിയതായുള്ള അറിയിപ്പ് നൽകിയത്. അവസാന നിമിഷമായതിനാൽ കൂടിയ വിമാന നിരക്കിൽ ടിക്കറ്റെടുക്കാനും പറ്റാതായി. റദ്ദാക്കിയ ട്രെയിനുകൾക്ക് പകരം സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. സെപ്തംബർ 11 മുതൽ 15 വരെയാണ് ഈ ട്രെയിനുകൾ ഓടുക. അപ്പോഴേക്കും ഓണം കഴിഞ്ഞ് മാവേലി നാടുവിടുമെന്ന് മാത്രം!
ഡൽഹിയിൽ നിന്ന് റദ്ദാക്കിയ ട്രെയിനുകൾ
ട്രെയിൻ - റദ്ദാക്കിയ ദിവസങ്ങൾ
എറണാകുളം -നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് - സെപ്തംബർ 1,3,4,6
തിരുവനന്തപുരം-നിസാമുദ്ദീൻ വീക്കിലി എക്‌സ്‌പ്രസ് - സെപ്തംബർ 3,4
നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്‌പ്രസ് - സെപ്തംബർ 4,6,7,9
നിസാമുദ്ദീൻ - തിരുവനന്തപുരം - സെപ്തംബർ 6
"കാലാവസ്ഥ കൃത്യമായാൽ മാത്രമേ മെയിന്റനൻസ് വർക്ക് നടത്താൻ പറ്റുകയുള്ളൂ. ഓണം പ്രമാണിച്ച് ട്രെയിനുകൾ റദ്ദാക്കുന്നത് കേരള സോണിന് നഷ്ടം വരുത്തുമെങ്കിലും റെയിൽവേയ്ക്ക് നല്ലത് കൃത്യസമയത്ത് മെയിന്റനൻസ് നടത്തുന്നത് തന്നെയാണ്. റദ്ദാക്കിയതിന്റെ നഷ്ടം നികത്താൻ സ്പെഷ്യൽ ട്രെയിനുകൾ ഇറക്കുന്നുണ്ട്. "
ഡോ. രാജേഷ് ചന്ദ്രൻ ,സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ