കൊച്ചി : വയനാട് ജില്ലയിലെ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഒഴിവാക്കാൻ 2016 ൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗ രേഖ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വയനാട് സ്വദേശിയായ പി. ഹരിഹരൻ ഉൾപ്പെടെ നാലുപേർ നൽകിയ ഹർജിയിൽ ഹൈക്കോടതി വയനാട് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം തേടി. നിയമവിരുദ്ധവും വിവേചനരഹിതവുമായ ഖനനം മൂലമാണ് വയനാട്ടിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉണ്ടാകുന്നതെന്ന് മാർഗരേഖയിൽവിലയിരുത്തിയിരുന്നു . കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തെത്തുടർന്ന് 2251.12 കോടി രൂപയുടെ നഷ്ടമുണ്ടായി. മാർഗരേഖ നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിയുമായിരുന്നു . കളക്ടർ തയ്യാറാക്കിയ മാർഗരേഖ റിയൽ എസ്റ്റേറ്റുകാരുടെ സമ്മർദ്ദം മൂലമാണ് നടപ്പാക്കാത്തതെന്നും ഹർജിയിൽ പറയുന്നു.