കൊച്ചി: തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'ഓണം പൊന്നോണം' സാംസ്‌കാരികോത്സവം 7ന് തൃക്കാക്കര തിരുവോണം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9മുതൽ പൂക്കള മത്സരം, അണിയൽ മത്സരം, കണ്യാർ കളി, പൂതനും തിറയും, പുലിക്കളി, നാഗക്കളവും പുള്ളുവൻ പാട്ടും, എന്നിവ നടക്കും. രാവിലെ 11ന് സാംസ്‌കാരിക സമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പു മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ഉദ്ഘാടനം ചെയ്യും. തപസ്യ അദ്ധ്യക്ഷൻ മാടമ്പ് കുഞ്ഞിക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. ഡോ.എം. ലീലാവതി മുഖ്യാതിഥിയാകും. പ്രൊഫ. പി.ജി ഹരിദാസ് ആമുഖപ്രഭാഷണം നടത്തും. തപസ്യ മാർഗദർശി എം.എ കൃഷ്ണൻ, പി.ഇ.ബി മേനോൻ, എന്നിവർ ഓണസന്ദേശം നൽകും. ഓണത്തനിമ എന്ന വിഷയത്തിലുള്ള സെമിനാറിൽ അഡ്വ. എ. ജയശങ്കർ, ഡോ. കെ.എസ് രാധാകൃഷ്ണൻ, എന്നിവർ പ്രഭാഷണം നടത്തും.