പനങ്ങാട്.36 വർഷങ്ങൾക്ക് ശേഷം പനങ്ങാട് തേനാളിപ്പാടത്ത് ഇന്നലെ വീണ്ടും ഞാറ്റുവേലപ്പാട്ടിന്റെ താളമുണർന്നു.തൊഴിലുറപ്പു തൊഴിലാളികളായ മാധവി,ജലജ,സരസു സരോജിനി,തങ്ക,ഭാനുമതി,ശിവൻ,ഉണ്ണി തുടങ്ങിയ 22 ഓളം കർഷക തൊഴിലാളികൾകൊപ്പം നാടൻപാട്ടിന്റെ അകമ്പടിയോടെ ഞാറുനട്ടു നീങ്ങിയത് കൗതുകകാഴ്ചയായി മാറി.അവർക്കൊപ്പം മുതിർന്ന കർഷക തൊഴിലാളി നേതാവ് എം.കെ.സുപ്രൻ,2-ാംവാർഡ് മെമ്പർ കലാസുനിൽ,പഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണിയും കൃഷി ഓഫീസർ പി.എൻ.രാജുവും ചേർന്നു.
നാലാം മാസം വിളവെടുക്കാം
വർഷങ്ങളായി തരിശിൽ കിടന്നിരുന്ന തേനാളിപാടശേഖരം കൃഷിക്കുപയുക്തമാക്കുവാൻ തൊഴിലാളികൾക്ക് ആഴ്ചകളോളം പ്രയത്നിക്കേണ്ടിവന്നു.കാടുമൂടിക്കിടന്നിരുന്ന പാടത്തെ കാടുവെട്ടി പാടം തെളിച്ചശേഷം മോട്ടോർ ഉപയോഗിച്ച് വെളളം വറ്റിച്ച് ചിറകെട്ടി വരമ്പ് പിടിപ്പിച്ചാണ് ഞാറുനടുന്നതിന് നിലം ഒരുക്കിയത്.
കൃഷിഭവൻ വഴിലഭിച്ച 125 ദിവസത്തെ മൂപ്പുളള 15കി.ലോ പൊക്കാളിവിത്ത് പ്രത്യേകമായി കരയിൽ വിതച്ച് മുളപ്പിച്ച് ഞാറാക്കിയശേഷം പാടത്തേക്ക് പറിച്ചുനടുകയായിരുന്നു. 4മാസങ്ങൾ തികയുമ്പോൾ കാലാവസ്ഥയും കൂടി അനുഗ്രഹിച്ചാൽ നാലാം മാസം വിളവെടുപ്പിന് കാലമാകും.