കൊച്ചി : സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ എൽദോ എബ്രഹാം എം.എൽ.എ, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു എന്നിവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഹർജി നൽകി.
ജൂലായ് 23 ന് നടന്ന മാർച്ചിലെ സംഘർഷത്തെത്തുടർന്ന് പൊതുമുതൽ നശിപ്പിക്കുന്നത് തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഘർഷത്തിൽ എറണാകുളം എ.സി.പി കെ. ലാൽജി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റെന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാർച്ചിനുശേഷം പൊലീസ് അനാവശ്യമായി തങ്ങളെ മർദ്ദിച്ചതാണെന്നും ഹർജിയിൽ പറയുന്നു. മർദ്ദനത്തെത്തുടർന്ന് പരിക്കേറ്റ് തങ്ങൾ ആശുപത്രിയിലായിരുന്നു. സംഭവത്തെത്തുടർന്ന് എസ്.ഐയെ സസ്പെൻഡ് ചെയ്തിരുന്നു. ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. രാഷ്ട്രീയപരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസാണിതെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിച്ചേക്കും.