ആലുവ: ആലുവയിൽ സവാള വ്യാപാരിയായ വനിതയെ കബളിപ്പിച്ച് 30,000 രൂപ തട്ടിയെടുത്ത കേസിൽ സിസി ടിവി ദൃശ്യങ്ങൾ നൽകിയിട്ടും പൊലീസ് അന്വേഷണം തുടങ്ങിയില്ല. ചൊവ്വാഴ്ച്ച വൈകിട്ടാണ് ദേശീയപാതയിൽ ഉളിയന്നൂ
ർ റോഡിന് സമീപം വി.വി.ടി.എൽ എന്ന പേരിലുള്ള സവാള മൊത്ത വ്യാപാര സ്ഥാപനത്തിൽ അറബികൾ എന്ന പേരിലെത്തിയ രണ്ട് പേർ തട്ടിപ്പ് നടത്തിയത്. പാനായിക്കുളം സ്വദേശിയായ നിസാമിന്റേതാണ് സ്ഥാപനം. സംഭവം നടക്കുമ്പോൾ നിസാം പുറത്തുപോയിരിക്കുകയായിരുന്നു. അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്ന നിസാമിന്റെ ഭാര്യ ഷംലയാണ് കബളിപ്പിക്കലിന് ഇരയായത്. കറുത്ത പാന്റസും ഷർട്ടും ധരിച്ച് തൊപ്പിവച്ച് കുമ്പളങ്ങ വാങ്ങാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരെത്തിയത്. 60 രൂപക്ക് മൂന്ന് കിലോ കുമ്പളങ്ങ വാങ്ങിയ ശേഷം 100 രൂപയാണ് ജോലിക്കാരന് നൽകി. ബാക്കി 40 രൂപയ്ക്കായി ജോലിക്കാരനൊപ്പം തട്ടിപ്പുകാരും അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
പൊലീസ് തട്ടിക്കളിക്കുന്നു
ആലുവ സ്റ്റേഷൻ ചുമതലയുള്ള എസ്.എച്ച്.ഒ രാജേഷ് കുമാർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ദിവസമായി സ്ഥലത്തില്ല. പ്രിൻസിപ്പൽ എസ്.ഐ ജി. അരുൺ തട്ടിപ്പ് നടന്ന സ്ഥലത്തെത്തിയതിന് പിന്നാലെ അങ്കമാലിയിലേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചു. അതോടെ അദ്ദേഹം ചൊവ്വാഴ്ച്ച വൈകിട്ട് തന്നെ റിലീവ് ചെയ്തു. ആലുവ എസ്.എച്ച്.ഒയുടെ താത്കാലിക ചുമതല എടത്തല എസ്.ഐ പി.ജെ. നോബിളിനാണ്. ചെറിയ കേസായതിനാൽ ആലുവ സ്റ്റേഷനിലെ ആരെങ്കിലും അന്വേഷിക്കട്ടെ എന്ന നിലപാടിലാണ്അദ്ദേഹം. എസ്.ഐമാരായ പി.കെ. മോഹിതും ജെർട്ടിന ഫ്രാൻസിസും ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ഇവരാരും ഇന്നലെ തട്ടിപ്പ് കേസ് അന്വേഷിക്കാൻ തുനിഞ്ഞിട്ടില്ല.
തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം വിവരം ആലുവ പൊലീസിനെ അറിയിച്ചെങ്കിലും പ്രതികളെ പിടികൂടുന്നതിന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞയാഴ്ച്ച കുണ്ടറയിൽ ഇറാനിയൻ ദമ്പതികൾ നടത്തിയ തട്ടിപ്പിന് സമാനമായ തട്ടിപ്പാണ് ആലുവയിലും നടന്നതെന്നാണ് സംശയം. കുണ്ടറയിൽ കടയുടമയുടെ പഴ്‌സ് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ പിടിയിലായെങ്കിൽ ആലുവയിൽ അറബി സംസാരിക്കുന്നവർ പണവുമായി രക്ഷപ്പെടുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ നോട്ട് കാണാൻ വാങ്ങിയ ശേഷം കെട്ടിൽ നിന്നും 2000 രൂപയുടെ 15 നോട്ടുകൾ വലിച്ചെടുക്കുകയായിരുന്നു. പ്രതികളിൽ ഒരാൾക്ക് ഏകദേശം 30 വയസും രണ്ടാമന് 50 വയസും പ്രായമുണ്ട്.