riyas

ആലുവ: അശോകപുരത്ത് റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ബൈക്ക് യാത്രക്കാരൻ എതിർദിശയിൽ നിന്നുവന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിൽ തലയിടിച്ചുവീണ് മരിച്ചു. എടത്തല എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിലെ അംഗം ഹസീന മൻസിലിൽ റിയാസ് (23) ആണ് മരിച്ചത്. എടത്തലയിൽ വാടക വീടെടുത്ത് താമസിച്ചു വരികയായിരുന്നു.

കൊച്ചിൻബാങ്ക് കവലയിൽ എടയപ്പുറത്തേക്ക് തിരിയുന്ന ഭാഗത്തെ റോഡിലെ കുഴിയാണ് അപകടമുണ്ടാക്കിയത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ആയിരുന്നു അപകടം. ഈ സമയത്ത് മഴയും ഉണ്ടായിരുന്നു. വഴിവിളക്കില്ലാത്ത ഇവിടെ റോഡിലെ കുഴി റിയാസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
റോഡിലെ വലിയകുഴി നേരത്തെ കോൺക്രീറ്റ് ഉൾപ്പടെയുള്ളവ കൊണ്ട് അടക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതൊന്നും ഫലവത്തായില്ല. അപകടത്തിൽ റോഡിൽ തലയിടിച്ച് വീണ് പരിക്കേറ്റ റിയാസിനെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ജാക്സൻ മാടാനി പരിക്കേൽക്കാതെ രക്ഷപെട്ടു. കൂട്ടിയിടിച്ച സ്‌കൂട്ടർ യാത്രക്കാരൻ കൊല്ലം സ്വദേശി മഹേശിന്റെ കാലിന് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ആറ് മാസം പ്രായമുള്ളപ്പോഴാണ് റിയാസ് ചൈൽഡ് വെൽഫെയർ സൊസൈറ്റി മുഖേന എസ്.ഒ.എസ്. ഗ്രാമത്തിലെത്തുന്നത്. കോയമ്പത്തൂർ എ.ജെ.കെ. കോളേജിൽ നിന്ന് ബി.ബി.എ പൂർത്തിയാക്കിയിരുന്നു.
അങ്കമാലിയിൽ സുഹൃത്തുക്കളോടൊപ്പം ബ്യൂട്ടിക്ക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്പന്നം വിതരണം നടത്തിയശേഷം എടത്തലയിലെ വാടകവീട്ടിലേയ്ക്ക് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. റിയാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എസ്.ഒ.എസ് കുട്ടികളുടെ ഗ്രാമത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് മലേപ്പള്ളി ജുമാമസ്ജിദിൽ കബറടക്കി.