അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്കെതിരെ സഭ്യേതര ഭാഷയിൽ സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ച വ്യക്തിയെ യൂസഫലി തന്നെ ഇടപെട്ട് ജയിൽമോചിതനാക്കി. ലുലു ഗ്രൂപ്പിന്റെ അഭ്യർത്ഥനയെ തുടർന്നാണ് പൊലീസ് കേസ് പിൻവലിച്ചത്.
ചെക്ക് കേസിൽ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ സഹായിച്ചുവെന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സഭ്യമല്ലാത്തതുമായ വാക്കുകളിൽ ചിലർ പ്രതികരണം നടത്തിയത്. ലുലു ഗ്രൂപ്പിന്റെ പരാതിയെ തുടർന്നായിരുന്നു സൗദി അറേബ്യയിലെ അൽഖോബാറിൽ താമസിക്കുന്ന മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഫേസ്ബുക്കിലൂടെ തന്നെ യൂസഫലിയോട് മാപ്പ് അപേക്ഷിച്ചിരുന്നു. വ്യക്തിഹത്യ നടത്തിയാൽ വൻതുക പിഴയും നാടുകടത്തലുമാണ് സൗദി സൈബർ നിയമപ്രകാരമുള്ള ശിക്ഷ. ബഹ്റൈനിലും യു.എ.ഇയിലും നിരവധി പേർക്കെതിരെ ഇത്തരത്തിലുള്ള പരാതികൾ പൊലീസിന് നൽകിയിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളവരുടെ നല്ലഭാവിയെ ഓർത്ത് കേസുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് തീരുമാനമെന്നും ലുലു അധികൃതർ അറിയിച്ചു.