കൊച്ചി : കൊച്ചി നഗരത്തിലെ റോഡുകൾ സഞ്ചാര യോഗ്യമല്ലാത്ത വിധം തകർന്നെന്ന ഹൈക്കോടതി ജഡ്ജിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ പരിഗണിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കൊച്ചി നഗരസഭയെ കക്ഷി ചേർത്തു. സർക്കാർ, പൊതുമരാമത്തു വകുപ്പുകളും ഹർജിയിൽ കക്ഷികളാണ്. നഗരത്തിലെ റോഡുകൾ നരക പാതകളായെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് എഴുതിയ കത്താണ് ഹൈക്കോടതി സ്വമേധയാ ഹർജിയായി പരിഗണിക്കുന്നത്. ആഗസ്റ്റ് 27 നു നൽകിയ കത്ത് ഹർജിയാക്കി മാറ്റാൻ ചീഫ് ജസ്റ്റിസ് ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
തകർന്ന റോഡുകൾ
കലൂർ- കടവന്ത്ര
തമ്മനം - പുല്ലേപ്പടി
തേവര ഫെറി റോഡ്
പൊന്നുരുന്നി പാലം റോഡ്
പൊന്നുരുന്നി - ചളിക്കവട്ടം
വൈറ്റില, കുണ്ടന്നൂർ റോഡുകൾ
റോഡുകളെക്കുറിച്ചുള്ള പരാമർശങ്ങൾ
കഴിഞ്ഞ വർഷത്തേക്കാൾ ശോചനീയമായ സ്ഥിതിയാണ്. പലയിടങ്ങളിലും റോഡ് തന്നെ അപ്രത്യക്ഷമായി. തകർന്ന ഈ റോഡുകളിലൂടെയുള്ള യാത്ര അസാദ്ധ്യമായി മാറിക്കഴിഞ്ഞു. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുന്നു. വലിയ ഗർത്തങ്ങൾ അപകടക്കെണിയൊരുക്കുന്നു. മഴയും വഴിവിളക്കുകളുടെ അപര്യാപ്തതയും നിമിത്തം കുഴികൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരം റോഡുകളിലൂടെയുള്ള യാത്ര ഇന്ധന നഷ്ടമുണ്ടാക്കുന്നു. വർഷങ്ങളായി തുടരുന്ന സ്ഥിതിയാണ്. പുതിയ റോഡുകൾ മാസങ്ങൾക്കുള്ളിൽ, ചിലപ്പോൾ ആഴ്ചകൾക്കുള്ളിൽ തന്നെ നശിക്കുന്നു. അധികൃതരാകട്ടേ ഇതൊക്കെ മറന്ന മട്ടാണ്.