veedu-
എടവനക്കാട് എച്ച്‌ഐഎച്ച്എസ് സ്‌കൂളിലെ മനുശ്രീ റോയിക്ക് സഹപാഠികൾ ഒരുക്കിയ വീട്

വൈപ്പിൻ: കൂട്ടുകാരിക്ക് സഹപാഠികളുടെ സഹായത്തോടെ വീടൊരുങ്ങി. എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാംക്ലാസിലെ മനുശ്രീ റോയിക്കാണ് സഹപാഠികളുടെയും സുമനനസുകളുടെയും സഹകരണത്തോടെ വീടൊരുങ്ങിയത്.
നിർമ്മാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 3.30ന് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര നിർവഹിക്കും. സ്‌കൂൾ മാനേജർ എൻ.കെ. മുഹമ്മദ് അയ്യൂബ് അദ്ധ്യക്ഷത വഹിക്കും.
തങ്ങളുടെ കൂട്ടുകാരിക്ക് വീടൊരുക്കാൻ കഴിഞ്ഞവർഷം കുട്ടികളുടെ പാർലിമെന്റാണ് തീരുമാനിച്ചത്. ഇതിനായി സമ്പാദ്യ കുടുക്കകൾ പൊട്ടിച്ചും 50, 20 രൂപാ കൂപ്പണുകളുമായി സുമനസുകളിൽ നിന്ന് പിരിവെടുത്തുമാണ് തുക സ്വരുക്കൂട്ടിയത്.
വിദ്യാർത്ഥികളുടെ ഈ ഉന്നമനത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും, എൻ.ജി.ഒ പീപ്പിൾസ് ഫൗണ്ടേഷൻ, യു.എ.ഇയിലെ ഈവ കൂട്ടായ്മയിലെ അംഗങ്ങൾ, പൂർവ വിദ്യാർത്ഥി സംഘടനയായ ഹിസ, സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മകളായ 86, 90, 91 എസ്.എസ്.എൽ.സി ബാച്ചുകാർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരും പങ്കുചേർന്നു.
ചടങ്ങിൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി ഡിനോയ് പൗലോസ് മുഖ്യാതിഥിയായിരിക്കും. ഡിനോയ്ക്ക് സ്‌കൂളിന്റെ ഉപഹാരം മാനേജർ കൈമാറും. പി.ടി.എ പ്രസിഡന്റ് കെ.എ. സാജിത്ത് സഹപാഠിക്കൊരു വീടിന്റെ തുടർവർഷ പ്രഖ്യാപനം നടത്തും.