കൊച്ചി: സംസ്ഥാനത്തെ പാരമ്പര്യേതര ഊർജ്ജമേഖലയിലെ സംരംഭകരുടെയും പ്രമോട്ടർമാരുടെയും അസോസിയേഷൻ ക്രീപ സംഘടിപ്പിക്കുന്ന ഗ്രീൻ പവർ എക്‌സ്‌പോ നവംബർ ഒന്ന് മുതൽ മൂന്ന് വരെ കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കും. എക്‌സ്‌പോയുടെ സ്റ്റാൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ചെറുകിട-ഇടത്തര സംരംഭ മന്ത്രാലയം, എനർജി മാനേജ്‌മെന്റ് സെന്റർ, അനെർട്ട് എന്നിവയുമായി സഹകരിച്ചാണ് പ്രദർശനം നടത്തുന്നത്. പുനരുപയോഗിക്കാവുന്ന ഊർജ മേഖലയിലെ സാങ്കേതികഉപയോഗ സാധ്യതകൾ കൂടുതൽ ആളുകളിലെത്തിച്ച് ഊർജ ഉപയോഗത്തിൽ കേരളത്തെ മികച്ച മാതൃകയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നൂറോളം സ്റ്റാളുകൾ എക്‌സ്‌പോയിലുണ്ടാകും. ക്രീപ പ്രസിഡന്റും കൺവീനറുമായ ജോസ് കല്ലൂക്കാരൻ, സെക്രട്ടറി സി.എം. വർഗീസ്, വൈസ് പ്രസിഡന്റ് കെ.എൻ. അയ്യർ, ട്രഷറർ മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.