കൊച്ചി: രാജ്യത്ത് വ്യാപകമായിരിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന് അനുമതി നിഷേധിക്കുന്നതായി പരാതി. ദേശീയതലത്തിൽ നടന്നുവരുന്ന 'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക' കാമ്പയിനാണ് പൊലീസ് അനുമതി നിഷേധിക്കുന്നതായി ജില്ലാഭാരവാഹികൾ അറിയിച്ചത്. പെരുമ്പാവൂരിൽ ഇന്നലെ വൈകിട്ട് പരിപാടി നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അനുമതി തേടി പൊലീസിനെ സമീപിച്ചപ്പോൾ നൽകാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. കാരണം വ്യക്തമാക്കണമെന്ന് പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി. പിന്നീട് ജില്ലാ പൊലീസ് മേധാവി വിജയ് സാക്കറെ ഉൾപ്പെടയുള്ള ഉദ്യോഗസ്ഥരെ കണ്ട് പരാതി അറിയിച്ചെങ്കിലും കാമ്പയിന് അനുമതി ലഭിച്ചില്ല. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. മുൻപും പെരുമ്പാവൂർ കേന്ദ്രികരിച്ച് വിവിധ പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയെങ്കിലും അടുത്തിടെ പല പരിപാടികൾക്കും അനുമതി നൽകുന്നില്ല. സംഘടനയെ കുറിച്ച് വ്യാപകമായി വ്യാജ വാർത്തകളും വിവരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് ചിലർ. ഇതിന്റെ സത്യാവസ്ഥ പോലും വ്യക്തമായി അന്വേഷിച്ച് അറിയാതെ പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും സംഘടനഭാരവാഹികൾ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് നാസർ ബാഖവി, ജില്ലാ സെക്രട്ടറി സലിം കുഞ്ഞുണ്ണിക്കര, നിഷാദ് ഇബ്രാഹീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.