abbas-vadakkekara-police
പണം തട്ടിയെടുത്ത അബ്ബാസ്

പറവൂർ : സഹായധനം അനുവദിച്ചെന്നു പറഞ്ഞു പ്രളയബാധികരുടെ പണം തട്ടിയെടുത്ത കേസിൽ മന്നം മാക്കനായിപ്പറമ്പിൽ അബ്ബാസിനെ (53) വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു. തുരുത്തിപ്പുറം പെട്രോൾ പമ്പിനു സമീപത്തുള്ള പാടത്തുവീട്ടിൽ കൗസല്യയുടെ കയ്യിൽ നിന്ന് 5,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

ബുധനാഴ്ച ഉച്ചയോടെ അബ്ബാസ് കൗസല്യയുടെ വീട്ടിലെത്തി 1,60,000 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾക്കായി 5,000 രൂപ നൽകണമെന്നും പറഞ്ഞു. കൗസല്യയും സഹോദരന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. അഭിഭാഷകനായ മകനോടു ചോദിക്കണമെന്ന് കൗസല്യ പറഞ്ഞപ്പോൾ മകന്റെ നമ്പർ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ അബ്ബാസ് ഫോൺ വിളിക്കുന്നതുപോലെ അഭിനയിച്ചു പണം നൽകിക്കൊള്ളാൻ മകൻ പറഞ്ഞതായി കൗസല്യയെ വിശ്വസിപ്പിച്ചു. പണമെടുക്കാൻ കൗസല്യ വീടിനകത്തേക്കു കയറിയപ്പോൾ അബ്ബാസും കൂടെ കയറി. സംശയം തോന്നി മകനെ വിളിക്കാൻ ശ്രമിക്കുന്നതിനിടെ അബ്ബാസ് പണം തട്ടിപ്പറിച്ച് ഓടിരക്ഷപെട്ടു. വടക്കേക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് സബ് ഇൻസ്പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പറവൂരിലെ ഒരു ബാറിൽ നിന്ന് അബ്ബാസിനെ പിടികൂടി. കുറ്റം സമ്മതിക്കാതിരുന്ന ഇയാളെ സംഭവം നടന്ന വീട്ടിൽ കൊണ്ടു ചെന്നപ്പോൾ വീട്ടുകാർ തിരിച്ചറിഞ്ഞു. ആലങ്ങാട് മേഖലയിലും സമാന തട്ടിപ്പുകൾ ഇയാൾ നടത്തിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി അബ്ബാസിനെ റിമാൻഡ് ചെയ്തു.