കൊച്ചി : പ്രസിദ്ധമായ വല്ലാർപാടം മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിലേക്കു വാർഷിക തീർത്ഥാടനം ഞായറാഴ്ചയാണ്.

ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നിന്നും നാലിന് വൈപ്പിനിൽ വല്ലാർപാടം ഗോശ്രീ പാലം ജംഗഷനിൽ നിന്നും പുറപ്പെടും. കത്തീഡ്രലിൽ തീർത്ഥാടന പതാകപ്രയാണം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തപ്പറമ്പിൽ ആശീർവദിക്കും. ദീപശിഖാപ്രയാണം വൈപ്പിനിൽ അതിരൂപതാ വികാരി ജനറൽ മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്യും.

തീർത്ഥാടനത്തിന് ഒരുക്കിയ പന്തലിൽ പൊന്തിഫിക്കൽ ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ മുഖ്യകാർമികനാകും. ഫാ. ജോസഫ് വിബിൻ ചൂതംപറമ്പിൽ വചനസന്ദേശം നൽകും.
പ്രാർത്ഥനാശുശ്രൂഷ ആർച്ച് ബിഷപ്പ് നയിക്കുമെന്ന് ബസിലിക്ക റെക്ടർ ഫാ. മൈക്കിൾ തലക്കെട്ടി അറിയിച്ചു.
ഒമ്പതു മുതൽ 13 വരെ സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷൻ വയനാട് മക്കിയാട് ബെനഡിക്‌റ്റൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ജോയ് ചെമ്പകശേരി നയിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചു വരെയാണ് കൺവെൻഷൻ. വല്ലാർപാടത്തമ്മയുടെ മദ്ധ്യസ്ഥ തിരുനാൾ 16 ന് കൊടിയേറും. 24 നാണ് തിരുനാൾ സമാപനം.