 99 കാമറകളും പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ്

തൃക്കാക്കര: തട്ടിക്കൊണ്ട് പോകലും കുറ്റകൃത്യങ്ങളും വർധിക്കുമ്പോൾ കൊച്ചി നഗരത്തിലെ സി.സി.ടി.വി കാമറകൾ പ്രവർത്തന രഹിതം. പ്രധാന റോഡുകളിലും കവലകളിലുമായി സ്ഥാപിച്ച 99 നിരീക്ഷണ കാമറകളിൽ ഒന്നു പോലും പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേടായവ നന്നാക്കാൻ കെൽട്രോണിനെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് വിവരാവകാശനിയമ പ്രകാരം രാജു വാഴക്കാലക്ക് നൽകിയ മറുപടിയിൽ പൊലീസ് വ്യക്തമാക്കുന്നു. 2015 ജൂലായ് 28-നും ആഗസ്റ്റ് 23നും കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കെൽട്രോണിന് കത്തെഴുതിയിരുന്നു. 59 സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമാക്കിയിരുന്നെങ്കിലും അതിൽ 20 കാമറകൾ ഒരു മാസത്തിനിടെ പ്രവർത്തന രഹിതമായിരുന്നു. ബാക്കിയുള്ള 39 കാമറകളിൽ 19 എണ്ണത്തിൽ റെക്കോർഡിംഗ് സംവിധാനം പ്രവർത്തിക്കുന്നില്ല.
വർഷം നാല് പിന്നിടുമ്പോഴും കാമറകൾ ശരിയാക്കുന്നതിൽ വലിയ അലംഭാവമാണ് വരുത്തിയിരിക്കുന്നത്.
സെർവറുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്നായിരുന്നു റെക്കോർഡിംഗ് സംവിധാനം പ്രവർത്തിക്കാതിരുന്നത്.കാമറകൾ സ്ഥാപിക്കുന്നതിന് എത്ര പണം മുടക്കി എന്ന വിവരം ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.

#ഇവിടങ്ങളിൽ കാമറ പ്രവർത്തനരഹിതം

ഹൈക്കോർട്ട് ജംഗ്ഷൻ, വൈറ്റില, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സൗത്ത് റെയിൽവേ സ്‌റ്റേഷൻ, നോർത്ത് റെയിൽവേ, കലൂർ ബസ് സ്റ്റാൻഡ്, ഇൻഫോ പാർക്ക്, കാക്കനാട് സിവിൽ സ്റ്റേഷൻ എന്നീ സ്ഥലങ്ങളടക്കം ജനത്തിരക്കുള്ള സ്ഥലങ്ങളിലൊന്നും കാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

#നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള കാമറ

36 ഡോം കാമറകൾ

63 ഫിക്‌സഡ് കാമറകൾ