കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര, കൊച്ചു കണാച്ചേരി ആദിവാസി ഊരുകളിൽഓണത്തോടനുബന്ധിച്ച് ഫയർ സർവ്വീസ് അസോസിയേഷനിലെ അംഗങ്ങൾ ഓണക്കോടിയും ഓണക്കിറ്റും നൽകി. വിതരണോദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഉരുൾപൊട്ടൽ മൂലം ദുരിതം അനുഭവിച്ച കവളപ്പാറയിൽ എറണാകുളം ജില്ലയിലെ അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങളുടെ തുടർപ്രവർത്തനമാണ് കുട്ടമ്പുഴയിലെ ആദിവാസി ഊരിൽ നടന്നത് .കവളപ്പാറയിലെ രക്ഷാപ്രവർത്തന വേളയിൽ ദുരിതക്കാഴ്ചകൾ നേരിട്ട് കണ്ടിരുന്നു. ഉപജീവനത്തിന് മാർഗമില്ലാതെ വലഞ്ഞവരെ സഹായിക്കണമെന്ന സംഘടനയുടെ ദൃഢനിശ്ചയമാണ് ഇതിന് പ്രചോദനമായത്.ദുരന്തമുഖത്ത് കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ഫയർ സർവ്വീസ് അസോസിയേഷൻ അംഗങ്ങളുടെ തീരുമാനം ഏറെ ആശ്വാസകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം എൽ എ പറഞ്ഞു. അസോസിയേഷൻ മേഖലാ പ്രസിഡന്റ് അനീഷ് പി ജോയി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സുശീല ,അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിജിൽ, മേഖലാ സെക്രട്ടറി പി.റഷീദ്, സ്വാഗതസംഘം ചെയർമാൻ എം.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.