ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹോത്സവത്തിന്റെ ഭാഗമായുള്ള ദിവ്യജ്യോതി തുടരുന്നു. നാടും നഗരവും ഇളക്കിയാണ് യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ക്യാപ്ടനായിട്ടുള്ള ദിവ്യജ്യോതി പര്യടനം നടത്തുന്നത്.
ഇന്നലെ രാവിലെ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന്റെ വസതിയിൽ നിന്നാണ് ജ്യോതി പര്യടനം ആരംഭിച്ചത്. പറവൂർ കവലയിൽ നിന്ന് താളമേളങ്ങളുടെയും കേരളീയവേഷം ധരിച്ച വനിതാസംഘം പ്രവർത്തകരുടെയും നേതൃത്വത്തിൽ തോട്ടക്കാട്ടുകര ശാഖാങ്കണത്തിലേക്ക് ആനയിച്ചു. ശാഖാ പ്രസിഡന്റ് ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് രാജേഷ് തോട്ടക്കാട്ടുകര, സെക്രട്ടറി പി.എൻ. നാണുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് പുതുവാശേരി, സൗത്ത് അടുവാശേരി, മാലായ്കുന്ന്, നോർത്ത് അടുവാശേരി, കുന്നുകര, വയൽക്കര, ചാലാക്ക, എസ്.എൻ മെഡിക്കൽ കോളേജ്, തേലത്തുരുത്ത്, ചെറുകടപ്പുറം, അയിരൂർ, പാറക്കടവ്, പൂവത്തുശേരി, ചെട്ടിക്കുളം, കോടുശേരി, പുളിയനം, എളവൂർ വടക്കേക്കര ശാഖകളിലെ സ്വീകരണങ്ങൾക്ക് ശേഷം എളവൂരിൽ സമാപിച്ചു.
സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ജ്യോതി വൈസ് ക്യാപ്ടൻ സജീവൻ ഇടച്ചിറ, യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കൗൺസിലർമാരായ വി.എ. ചന്ദ്രൻ, കെ.ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.എസ്. സ്വാമിനാഥൻ മറുപടി പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ഡയറക്ടർ ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, ടി.എസ്. അരുൺ, പി.പി. സനകൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, സെക്രട്ടറി ബിന്ദു രതീഷ്, ലീല രവീന്ദ്രൻ, കൗൺസിലർമാരായ വി.എ. ചന്ദ്രൻ, രൂപേഷ് മാധവൻ, ജഗൽകുമാർ, രാജേഷ് ഊരക്കാട് എന്നിവർ നേതൃത്വം നൽകി.
ദിവ്യജ്യോതി ഇന്ന് ആലുവയിൽ
ദിവ്യജ്യോതി ഇന്ന് ആലുവയിൽ പര്യടനം നടത്തും. രാവിലെ 9.30ന് ആലുവ ടൗൺശാഖയിൽ നിന്നാരംഭിക്കും. തുടർന്ന് ചാലയ്ക്കൽ, കീഴ്മാട്, സൗത്ത് വാഴക്കുളം, ഊരക്കാട്, പഴങ്ങനാട്, അമ്പലമേട്, ഇടച്ചിറ, നൊച്ചിമ, അശോകപുരം, ചൂണ്ടി, എടയപ്പുറം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 6.30ന് എടനാട് ശാഖയിൽ സമാപിക്കും. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസ് ഉദ്ഘാടനം ചെയ്യും. ജ്യോതി വൈസ് ക്യാപ്ടൻ കെ.കെ. മോഹനൻ സംസാരിക്കും.