കൊച്ചി: പ്രളയത്തിൽപെട്ട് ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് പറഞ്ഞു. ഐ.എൻ.ടി.യു.സിയും എസ്.ടി.യുവും സംയുക്തമായി കേരള സംസ്ഥാന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ടി.യു ജില്ലാ പ്രസിഡന്റ് രഘുനാഥ് പനവേലി അദ്ധ്യക്ഷത വഹിച്ചു. മാർച്ചും ധർണയും നടക്കുമെന്നറിഞ്ഞപ്പോൾ ബോർഡ് യോഗത്തിനു മുമ്പ് ചെയർമാൻ പതിനായിരം രൂപ പാസാക്കിയത് സമരത്തിന്റെ വിജയമാണെന്നും തുക മതിയാകില്ലെന്നും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി പറഞ്ഞു. യോഗത്തിൽ ജില്ലാ ബോർഡ് മെമ്പർ പി.കെ.ഇബ്രാഹിം, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.എം.രാജു, പി.എം.എ. ലത്തീഫ്, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.