കിഴക്കമ്പലം: സീറ്റിലിരുന്ന് യാത്ര ചെയ്തതിനെ ചൊല്ലി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയെ അപമാനിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവർവീണ്ടും അതേ വിദ്യാർത്ഥിനിയ്ക്കു നേരെ അതേ ബസിൽ ആക്രോശം നടത്തുന്ന വോയ്സ് ക്ളിപ്പുകൾ വൈറലായി.
'പത്രം വായിച്ചപ്പോഴാണ് തന്നെ അറസ്റ്റു ചെയ്തതായി അറിയുന്നത്. പൊലീസല്ല ആരു വിചാരിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല. തനിയ്ക്ക് സബ് ജയിലിൽ പഴങ്ങളുമായി വരുന്നവരെ കാത്തിരിക്കുകയായിരുന്നു'.ഇങ്ങനെ പോകുന്നു ഡ്രൈവറുടെ പരിഹാസം.വോയ്സ് ക്ളിപ്പിനൊപ്പം ഇയാൾയൂണിഫോം ഇല്ലാതെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസോടിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.
വിദ്യാർത്ഥിനിയെ അപമാനിച്ചതിന് മുവാറ്റുപുഴ- ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ പട്ടിമറ്റം ചക്കരക്കാട്ടിൽ സുധീറിനെ കഴിഞ്ഞ ദിവസം കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യം നൽകി വിട്ടിരുന്നു.എന്നാൽ ഇന്നലെപ്രചരിച്ച വോയ്സ് ക്ളിപ്പിംഗുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ പറഞ്ഞു. നേരത്തെ ബസ് ഡ്രൈവർ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പെരുമ്പാവൂർ ഡിവൈ.എസ്.പി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കിട്ടിയാലുടൻ തുടർ നടപടികളുണ്ടാകുമെന്നുംകമ്മീഷനംഗംഷിജി ശിവജി പറഞ്ഞു.