കൊച്ചി : മുത്തൂറ്റ് പോൾ.എം.ജോർജ് വധക്കേസിലെ ഒമ്പത് മുഖ്യ പ്രതികളിൽ എട്ടു പേർക്കെതിരെ സി.ബി.ഐ കോടതി ചുമത്തിയ കൊലക്കുറ്റവും ,വിധിച്ച ജീവപര്യന്തം തടവുശിക്ഷയും ഹൈക്കോടതി റദ്ദാക്കി.
വിചാരണക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻബെഞ്ചിന്റെ വിധി. രണ്ടാം പ്രതി കാരി സതീഷ് എന്ന സതീഷ്‌കുമാർ അപ്പീൽ നൽകിയിരുന്നില്ല. ഇയാളുടെ ശിക്ഷ നിലനിൽക്കും. മറ്റു പ്രതികളുടെ കൊലക്കുറ്റം ഒഴിവായെങ്കിലും ഒമ്പതാം പ്രതിയൊഴികെയുള്ളവർക്കെതിരെ ചുമത്തിയ അന്യായമായി തടഞ്ഞുവക്കൽ, ആക്രമിച്ചു പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കും. ഇതിനുള്ള ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. ഇൗ ശിക്ഷ പരമാവധി മൂന്നു വർഷമായതിനാലും ഇതനുഭവിച്ചു കഴിഞ്ഞതിനാലും പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയും. 2015 സെപ്തംബർ ഒന്നിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
കൊലക്കുറ്റം ഒഴിവാക്കപ്പെട്ട പ്രതികൾ
ഒന്നാം പ്രതി പായിപ്പാട് നാലുകോടി ജംഗ്ഷനിൽ കുന്നേൽവീട്ടിൽ ജയചന്ദ്രൻ, മൂന്നാം പ്രതി തൃക്കൊടിത്താനം ഹൗസിംഗ് കോളനിയിൽ സത്താർ, നാല് മുതൽ ഒമ്പത് വരെ പ്രതികളായ പായിപ്പാട് സ്വദേശി സുജിത്ത്, നാലുകോടി ചങ്ങംകുളങ്ങരയിൽ ആകാശ് ശശിധരൻ, പായിപ്പാട് സ്വദേശി സതീഷ്‌കുമാർ, പായിപ്പാട് നാലാം വാർഡ് നെടുമണ്ണിൽ രാജീവ്കുമാർ, ഇല്ലത്തുപറമ്പ് ചുള്ളിക്കൽ ഷിനോപോൾ, മണ്ണഞ്ചേരി അമ്പലക്കടവ് ഫൈസൽ. പ്രതികളുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്ന ഫൈസലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും റദ്ദാക്കി കുറ്റവിമുക്തനാക്കി.
കേസിങ്ങനെ
2009 ആഗസ്റ്റ് 21 നാണ് യുവ വ്യവസായി മുത്തൂറ്റ് പോൾ. എം. ജോർജിനെ ആലപ്പുഴ നെടുമുടിക്കടുത്തുവച്ച് പ്രതികൾ കൊലപ്പെടുത്തിയത്. ഒരു വാഹനാപകടത്തർക്കവുമായി ബന്ധപ്പെട്ട കേസിൽ മണ്ണഞ്ചേരി സ്വദേശി കുരങ്ങ് നസീറെന്ന ഗുണ്ടയെ ആക്രമിക്കാൻ ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പ്രതികൾ വരുമ്പോൾ പോൾ.എം. ജോർജിന്റെ ഫോർഡ് എൻഡവർ കാർ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചശേഷം നിറുത്താതെ പോകുന്നതു കണ്ടു. ഇൗ വാഹനത്തെ പിന്തുടർന്ന് സംഘം തടഞ്ഞു. രണ്ടാം പ്രതി കാരി സതീഷ് എസ് ആകൃതിയിലുള്ള കത്തികൊണ്ടു പോളിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഒാംപ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവർ കേസിൽ സാക്ഷികളായിരുന്നു. 2010 ജനുവരി 21 ന് ഹൈക്കോടതിയാണ് അന്വേഷണം സി.ബി.ഐയ്ക്കു കൈമാറിയത്.
ഹൈക്കോടതി
പറയുന്നു
കൊല നടത്തണമെന്ന കൂട്ടായ തീരുമാനത്തോടെയല്ല പ്രതികൾ എത്തിയത്. പോളിനെ കൊല്ലാൻ പ്രതികൾ ഉദ്ദേശിച്ചിരുന്നില്ല. മുൻകൂട്ടി തയ്യാറാക്കി നടപ്പാക്കിയ കുറ്റകൃത്യമല്ല. ബൈക്കിലിടിച്ചു കടന്ന കാർ പിന്തുടർന്നു പിടികൂടാനാണ് പ്രതികൾ തുനിഞ്ഞത്. ഒമ്പതാം പ്രതി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതുപോലുമില്ല. മർദ്ദിക്കണമെന്നതായിരുന്നു ഉദ്ദേശ്യം. രണ്ടാംപ്രതി കാരി സതീഷ് കുത്തിയെന്ന് പറയുന്നു. ഇയാൾക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് വ്യക്തം. സംഭവത്തെത്തുടർന്ന് സ്ഥലം വിടാൻ ജയചന്ദ്രൻ മറ്റു പ്രതികൾക്ക് നിർദ്ദേശം നൽകുകയാണ് ചെയ്തത്.
പത്തു മുതൽ 13 വരെ
പ്രതികളുടെ അപ്പീൽ തള്ളി
അബി, റിയാസ്, സിദ്ദിഖ്, ഇസ്മായിൽ എന്നീ പ്രതികൾ വിചാരണക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തള്ളി. തെളിവു നശിപ്പിക്കലിനു മൂന്ന് വർഷത്തെ തടവാണ് ഇവർക്ക് വിധിച്ചിരുന്നത്.