കോലഞ്ചേരി: ഐരാപുരം സി. ഇ. ടി കോളേജ് മാനേജ്‌മെന്റ് നിയമനത്തിനായി തങ്ങളിൽ നിന്ന് വാങ്ങിയ തലവരി പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് മുൻ ജീവനക്കാരും കുടുംബങ്ങളും കോളേജ് പടിക്കൽ നടത്തുന്ന സത്യാഗ്രഹം ശക്തമാക്കും. ഈ മാസം 10 ന് കോലഞ്ചേരിയിൽ ജീവനക്കാർ പട്ടിണി സമരം നടത്തും. കോളേജിന് മുന്നിൽ തുടരുന്ന സമരം കോലഞ്ചേരി ടൗണിലേക്കും കോളജ് നടത്തിപ്പുകാരുടെ വീടുകൾക്ക് മുന്നിലേക്കും വ്യാപിപ്പിക്കും. ഇതിന് മുന്നോടിയായി സെപ്തംബർ10 ന് കോലഞ്ചേരിയിൽ 'പട്ടിണി ഓണം' എന്ന പേരിൽ നിരാഹാര സത്യാഗ്രഹംനടത്തും.
നൂറോളം അദ്ധ്യാപകരിൽ നിന്നായി എട്ട് കോടിയിലധികം രൂപയാണ് കോളേജ് മാനേജ്‌മെന്റ് തട്ടിയെടുത്തതായി പരാതിയുള്ളത്. പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രിക്കും സമരസമിതി നിവേദനം നൽകിയിരുന്നു.