ഫോർട്ട് കൊച്ചി: കരളലിയിപ്പിക്കുന്ന കാഴ്ചയാണ് മട്ടാഞ്ചേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾക്കേറ്റ രക്താർബുദം എന്ന താലാസീമിയ എന്ന അസുഖം. മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ ഗേലാസേട് പറമ്പിൽ വാടകക്ക് താമസിക്കുന്ന പടവുങ്കൽ വീട്ടിൽ മുബാറക് - സൈബുന്നിസ ദമ്പതികളുടെ മക്കളായ അഹമ്മദ് ഫൈസി (6) ഫൈഹമെഹറിൻ (5) അഹമ്മദ് ഫായിസ് (2) എന്നീ കുരുന്നുകളാണ് മരണത്തോട് മല്ലിടുന്നത്. ഇളയകുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടുവരാൻ തുടങ്ങിയിട്ടേയൊള്ളൂ.മൂത്തയാളായ അഹമ്മദ് ഫൈസി എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ്. 3 വർഷം മുൻപ് മജ്ജ മാറ്റിവെക്കാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും സാമ്പത്തികമായുള്ള ബുദ്ധിമുട്ട് മൂലം വീർപ്പ് മുട്ടുകയാണ് ഈ കുടുംബം. ഇതിനിടയിൽ എച്ച്1 എൻ1 പനിയും ബാധിച്ചു.ദേഹം മുഴുവൻ കുരുക്കളായി. പ്ളീഹ വന്ന് വീർത്തതും ഓപ്പറേഷൻ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്.വെന്റിലേറ്ററിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസം വാർഡിലേക്ക് മാറ്റി.മജ്ജ നൽകാൻ മാതാപിതാക്കൾ തയ്യാറാണ്. എന്നാൽ ഓപ്പറേഷനായി 35 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നിലവിൽ 8.80 ലക്ഷം രൂപ ബിൽ വന്നിട്ടുണ്ട്.ഇത് അടക്കാൻ എന്ത് ചെയ്യുമെന്ന അങ്കലാപ്പിലാണ് ഈ കുടുംബം. ഇതിനിടയിൽ ഫൈസിക്കും ഫൈഹക്കും രക്തം കയറ്റണം. ഇതിനായി പണം കണ്ടെത്താൻ നാട്ടുകാരുടെ കനിവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. സ്വകാര്യ വാഹനമോടിക്കുന്ന പിതാവ് കുറെ നാളായി ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. സമയം കിട്ടുമ്പോൾ രാത്രിയിൽ വാഹനമോടിച്ചാണ് വീട്ടിലെ ചെലവുകൾ കണ്ടെത്തുന്നത്. ഉണ്ടായിരുന്ന സ്വത്തുകളെല്ലാം വിറ്റു പെറുക്കിയാണ് ഇതുവരെയുള്ള ചെലവുകൾ തളളി നീക്കിയത്.ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് ഈ കുടുംബം. നാട്ടുകാരും കൗൺസിലറും ഇടപെട്ട് ഒരു ചികിത്സാ സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഫെഡറൽ ബാങ്ക് കൊച്ചി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ.10330 100 212553ഐ.എഫ്.സി. കോഡ്.എഫ്.ആർ.ആർ.എൽ 000 10 33. ഫോൺ.8089 123222.