കൊച്ചി: ജനവിരുദ്ധ നയങ്ങൾ തുടരുന്ന എൽ.ഡി.എഫ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനായി രണ്ടാം വിമോചന സമരം ആരംഭിക്കേണ്ട സമയമായെന്ന് കെ.സുധാകരൻ എം.പി.പറഞ്ഞു. മേഴ്സി രവി അനുസ്മരണം എറണാകുളം ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയലാർ രവി ഉൾപ്പടെയുള്ള നേതാക്കൾ നടത്തിയ ഒരണസമരവും വിമോചന സമരത്തിലൂടെയുമാണ് കമ്മ്യൂണിസത്തിന് വേരോട്ടമുണ്ടായിരുന്ന കേരള മണ്ണിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് അടിത്തറയിടാൻ കഴിഞ്ഞത് . ആ സമരകാലത്താണ് സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന മേഴ്സിക്ക് രവിയോട് ആരാധന തുടങ്ങുന്നത്. മേഴ്സി രവിയെ രാഷ്‌ട്രീയക്കാരിയെന്നോ അതോ പ്രണയനായികയെന്നോ ഏതു വിധത്തിലാണ് വിശേഷിപ്പിക്കേണ്ടതെന്ന് ആശയകുഴപ്പമുണ്ട്. വിവാഹം കഴിഞ്ഞുള്ള ആദ്യകാലങ്ങളിൽ ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടുവെങ്കിലും സ്നേഹത്തോടെ ആദരവോടെ മനക്കരുത്തോടെ മേഴ്സി അവസാനംവരെ വയലാർ രവിക്ക് ഒപ്പം നിന്നു. ഇതുപോലെയുള്ള രാഷ്‌ട്രിയക്കാരായ ദമ്പതികൾ അപൂർവമാണെന്ന് കെ. സുധാകരൻ പറഞ്ഞു.

അജയ് തറയിൽ ചടങ്ങിൽ അദ്ധ്യക്ഷനായി. ഡി.സി.സി ജില്ലാ പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി.ജെ.വിനോദ് സ്വാഗതം പറഞ്ഞു. വയലാർ രവി, കെ.വി.തോമസ്, മേയർ സൗമിനി ജെയിൻ, എം.എൽ.എമാരായ വി.ഡി.സതീശൻ, പി.ടി.തോമസ്, കോൺഗ്രസ് നേതാക്കളായ കെ.ബാബു, വി.ജെ.പൗലോസ് തുടങ്ങിയവർ സംസാരിച്ചു.